മുംബൈ: മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ 2018-19 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വില്പനയുള്ള യാത്രാ വാഹന മോഡല്‍ എന്ന നേട്ടം കൈവരിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട 2018-19 വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്.

2,59,401 യൂണിറ്റ് ആള്‍ട്ടോയാണ് 2018-19 ല്‍ വില്പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 2,58,539 യൂണിറ്റായിരുന്നു. ആദ്യ പത്തില്‍ ഏഴു സ്ഥാനങ്ങളാണ് മാരുതി കരസ്ഥമാക്കിയത്. ഹ്യുണ്ടായിയുടെ മൂന്നു മോഡലുകള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 

മാരുതിയുടെ കോംപാക്ട് സെഡാന്‍ ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 2,53,859 യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. 2017-18 ല്‍ ഡിസയറിന്റെ പഴയ പതിപ്പ് 2,40,124 യൂണിറ്റ് വില്പനയിലൂടെ രണ്ടാം സ്ഥാനം നേടിയിരുന്നു. 2,23,924 യൂണിറ്റുകള്‍ വിറ്റഴിച്ച് സ്വിഫ്റ്റ് മൂന്നാം സ്ഥാനത്തെത്തി. 2017-18 ല്‍ 1,75,928 യൂണിറ്റുകള്‍ വിറ്റഴിച്ച് നാലാം സ്ഥാനത്തായിരുന്നു.

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ 2,12,330 യൂണിറ്റുകളുടെ വില്പനയിലൂടെ നാലാം സ്ഥാനത്താണ്. 2017-18 ല്‍ 1,90,480 കാറുകളാണ് കമ്പനി വിറ്റത്. മാരുതിയുടെ കോംപാക്ട് എസ്.യു.വി.യായ വിറ്റാര ബ്രെസ്സ 1,57,880 യൂണിറ്റുകള്‍ വിറ്റ് അഞ്ചാം സ്ഥാനം കൈവരിച്ചു. മുന്‍വര്‍ഷം ഇത് 1,48,462 യൂണിറ്റുകളായിരുന്നു.

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ 20, 1,40,225 യൂണിറ്റുകള്‍ വിറ്റഴിച്ച് ആറാം സ്ഥാനത്താണ്. 2017-18 ല്‍ 1,36,182 യൂണിറ്റ് വിറ്റ മോഡല്‍ എട്ടാം സ്ഥാനത്തായിരുന്നു. 1,26,041 യൂണിറ്റുകള്‍ വിറ്റ ഗ്രാന്റ് ഐ10 ഏഴാം സ്ഥാനത്താണ്. ഹ്യുണ്ടായിയുടെ എസ്.യു.വി. ക്രെറ്റ (1,24,300 യൂണിറ്റ്), വാഗണ്‍ ആര്‍ (1,19,649 യൂണിറ്റ്), സെലേറിയോ (1,03,734 യൂണിറ്റ്) എന്നിവ യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങള്‍ നേടി. 

Content Highlights; Maruti Alto best selling passenger vehicle in 2018-19