ആനന്ദ് മഹീന്ദ്ര, പുതിയ വാഹനം സ്വന്തമാക്കിയ അശോക് കുമാർ | Photo: PTI, Twitter
ചില വാഹനങ്ങള്‍ ഇഷ്ടപ്പെടുക, അത് സ്വന്തമാക്കുന്നത് സ്വപ്നമായി കൊണ്ടുനടക്കുക തുടങ്ങിവയെല്ലാം ഭൂരിഭാഗം ആളുകളുടെയും ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവയായിരിക്കും. ഇത്തരത്തില്‍ പത്ത് വര്‍ഷത്തെ അധ്വാനഫലം ഉപയോഗിച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കിയ ഒരാളുടെ അനുഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. സി.അശോക് കുമാര്‍ എന്ന വ്യക്തിയാണ് മഹീന്ദ്ര കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച XUV700 സ്വന്തമാക്കിയത്.
മഹീന്ദ്ര ഗ്രൂപ്പ് മേധാവിയായ ആനന്ദ് മഹീന്ദ്രയുടെ ഇടപെടലോടെയാണ് അശോക് കുമാറും അദ്ദേഹം സ്വന്തമാക്കിയ വാഹനവും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. 10 വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ ഞാന്‍ മഹീന്ദ്ര XUV700 സ്വന്തമാക്കിയിരിക്കുന്നു. താങ്കളുടെ അനുഗ്രഹം വേണം എന്ന് ആനന്ദ് മഹീന്ദ്രയെ മെന്‍ഷന്‍ ചെയ്ത് അശോക് കുമാര്‍ ട്വിറ്ററില്‍ തന്റെ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
പുതിയ വാഹനം വാങ്ങിയതിന് അശോക് കുമാറിനെ അഭിനന്ദിക്കുകയും മഹീന്ദ്രയുടെ വാഹനം തിരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. നന്ദി, നിങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ നിങ്ങള്‍ ഞങ്ങളെയാണ് അനുഗ്രഹിച്ചിരിക്കുന്നത് എന്നാണ് അ്ദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കഠിനാധ്വാനത്തില്‍ കൂടി കൈവരിച്ച നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍, സന്തോഷകരമായ ഡ്രൈവിങ്ങ് ആശംസിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്റില്‍ കുറിച്ചു. ആനന്ദ് മഹീന്ദ്രയേയും അശോക് കുമാറിനേയും അഭിനന്ദിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.
2021 ഓഗസ്റ്റ് 15-ന് മഹീന്ദ്ര വിപണിയില്‍ എത്തിച്ച വാഹനമാണ് XUV700. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ AX7 ലക്ഷ്വറി ഓള് വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..