സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ Y400 എന്ന കോഡ് നാമത്തിലുള്ള എസ്.യു.വി നവംബര്‍ 19-ന് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കും. വാഹനത്തിന്റെ ഔദ്യോഗിക പേരും ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കു. സാങ്‌യോങ് ജി4 റെക്‌സ്റ്റണിന്റെ അടിസ്ഥനത്തിലാണ് സെവന്‍ സീറ്റര്‍ Y400-ന്റെ നിര്‍മാണം. എസ്.യു.വി വിപണിയില്‍ വമ്പന്‍മാരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് ശക്തമായ എതിരാളിയാകും മഹീന്ദ്രയുടെ പുതിയ അതിഥി. 

പതിവില്‍നിന്ന് വ്യത്യസ്തമായി മഹീന്ദ്രയുടെ പുതിയ പ്രൈം ഡീലര്‍ഷിപ്പ് വഴിയാണ് Y400 വില്‍പനയ്‌ക്കെത്തുക. മഹീന്ദ്ര നിരയില്‍ XUV500 മോഡലിന് മുകളിലാണ് Y400-ന്റെ സ്ഥാനം. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ Y400 മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. സാങ് യോങ് റെക്‌സ്റ്റണ്‍ മുഖഛായയില്‍ മസില്‍മാന്‍ രൂപം നല്‍കുന്ന ഡിസൈന്‍ Y400-നും അവകാശപ്പെടാനുണ്ട്. വെര്‍ട്ടിക്കല്‍ കട്ടിങ്ങോടുകൂടിയ ക്രോം ഗ്രില്‍, ട്വിന്‍ പോഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ Y400-നെ വ്യത്യസ്തമാക്കും. 

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങി നിരവധി സംവിധാനങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തും. മുഖ്യ എതിരാളിയായ ഫോര്‍ച്യൂണറിനെക്കാള്‍ നീളവും വീതിയും Y400-ന് കൂടുതലുണ്ട്. 4850 എംഎം നീളവും 1960 എംഎം വീതിയും വാഹനത്തിനുണ്ട്. അതേസമയം ഉയരം ഫോര്‍ച്യൂണറിനാണ് കൂടുതല്‍. 

187 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. ഉയര്‍ന്ന വകഭേദം 7 സ്പീഡ് ഓട്ടോമാറ്റിക്കിലും താഴ്ന്ന വകഭേദങ്ങള്‍ മാനുവല്‍ ട്രാന്‍സ്മിഷനിലും ലഭ്യമാകും. ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റും വാഹനത്തിനുണ്ട്. മഹീന്ദ്രയുടെ പുണെയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് Y400 നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കുക. 

Content Highlights; Mahindra Y400 SUV to be launched on November 19, 2018