ന്നും രണ്ടുമല്ല 80-ഓളം റെക്കോഡുകളാണ് മഹീന്ദ്ര ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി. 700-സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്രയുടെ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്കില്‍ (എം.എസ്.പി.ടി) നടത്തിയ 24 മണിക്കൂര്‍ നീണ്ട സ്പീഡ് എന്‍ഡുറന്‍സ് ചാലഞ്ചിലാണ് മഹീന്ദ്ര എക്‌സ്.യു.വി.700 80-ഓളം റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നാല് വാഹനങ്ങളാണ് ട്രാക്കില്‍ ചാലഞ്ചിനെ നേരിടാനിറങ്ങയത്. 

സ്പീഡ് എന്‍ഡുറാസ് ചാലഞ്ചില്‍ എക്‌സ്.യു.വി.700-ന്റെ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് ഏറ്റവുമധികം കിലോമീറ്റര്‍ സഞ്ചരിച്ചത്. 24 മണിക്കൂറില്‍ 4384.73 കിലോമീറ്റര്‍ സഞ്ചരിച്ചാണ് എക്‌സ്.യു.വി.700 പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. 2016 നടത്തിയ എന്‍ഡുറന്‍സ് ചാലഞ്ചില്‍ 3161 കിലോമീറ്റര്‍ സഞ്ചരിച്ചതായിരുന്നു മുന്‍ റെക്കോഡ്. മണിക്കൂറില്‍ 170 മുതല്‍ 180 കിലോമീറ്റര്‍ വരെയായിരുന്നു ട്രാക്കില്‍ ഇറങ്ങിയ വാഹനങ്ങളുടെ വേഗത.

4256.12 കിലോമീറ്റര്‍ സഞ്ചരിച്ച് ഡീസല്‍ ഓട്ടോമാറ്റിക് മോഡലാണ് രണ്ടാം സ്ഥാനത്തെത്തിയത്. പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡല്‍ 4232.01 കിലോമീറ്ററും പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 4155.65 കിലോമീറ്ററുമാണ് 24 മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചത്. ഡ്രൈവര്‍ മാറുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും മാത്രമാണ് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത്. ഇതും വളരെ ചുരുങ്ങിയ സമയം മാത്രമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായാണ് എക്‌സ്.യു.വി.700-ന്റെ നാല് പതിപ്പുകള്‍ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ 24 മണിക്കൂര്‍ ഓടിച്ചത്. മണിക്കൂറില്‍ പരമാവധി 170 മുതല്‍ 180 കിലോമീറ്റര്‍ വരെയാണ് വാഹനങ്ങള്‍ വേഗമെടുത്തത്. വാഹന ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരായവരായിരുന്നു ട്രാക്കിലിറങ്ങിയ വാഹനങ്ങളുടെ സാരഥികള്‍. ചാലഞ്ച് വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടവുമുണ്ടായിരുന്നു. 

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Mahindra XVU700 Gets 80 Records, Speed Endurance Challenge