2020-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര ഥാറിന്റെ പുതുതലമുറ മോഡല്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിനെത്തിയത്. വാഹനപ്രേമികള്‍ക്ക് മഹീന്ദ്ര നല്‍കിയ ഏറ്റവും വലിയ സ്വാതന്ത്ര്യദിന സമ്മാനമായിരുന്നു മുഖം മിനുക്കിയെത്തിയ ഥാര്‍. ഒരു വര്‍ഷത്തിനിപ്പുറം ഈ സ്വാതന്ത്ര്യദിനത്തിലും മഹീന്ദ്ര ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. മഹീന്ദ്രയുടെ XUV700 എന്ന എസ്.യു.വിയാണ് വരുന്ന ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 

വരവിന് മുന്നോടിയായി നിരവധി ടീസര്‍ ചിത്രങ്ങളും വീഡിയോകളും മഹീന്ദ്ര പുറത്തിറക്കി കഴിഞ്ഞു. XUV700 ഉള്‍പ്പെടുന്ന സെഗ്‌മെന്റിലെ ആദ്യ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തുവിട്ട വീഡിയോ അനുസരിച്ച് സ്മാര്‍ട്ട് ഡോറുകളുമായായിരിക്കും ഈ വാഹനം വിപണിയില്‍ അവതിപ്പിക്കുകയെന്നാണ് വിലയിരുത്തുന്നത്. ഓട്ടോ ബുസ്റ്റര്‍ ഹെഡ്‌ലാമ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇതില്‍ സ്ഥാനം പിടിക്കുന്നുണ്ട്.

XUV700 ഉള്‍പ്പെടെയുന്ന എസ്.യു.വി.  ശ്രേണിയില്‍ ആദ്യമായാണ് സ്മാര്‍ട്ട് ഡോറുകള്‍ നല്‍കുന്നതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വാഹനം അണ്‍ലോക്ക് ചെയ്യുമ്പോഴോ ഡോറില്‍ നല്‍കിയിട്ടുള്ള സെന്‍സറുകളില്‍ സ്പര്‍ശിക്കുമ്പോഴോ ഡോര്‍ ഹാന്‍ഡില്‍ മുകളിലേക്ക് ഉയര്‍ന്ന് വരുന്നതാണ് സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലിന്റെ പ്രവര്‍ത്തന രീതി. വാഹനം ലോക്ക് ചെയ്താല്‍, അല്ലെങ്കില്‍ ഡോര്‍ അടച്ചാല്‍ ഈ ഹാന്‍ഡില്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകുകയും ചെയ്യുമെന്നാണ് വീഡിയോയിലുള്ളത്. 

നിരത്തുകളില്‍ നിലവിലുള്ള മഹീന്ദ്ര XUV500-ന്റെ പകരക്കാരനായാണ് XUV700 എത്തുന്നതെന്നാണ് വിവരം. എന്നാല്‍, ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുങ്ങുന്നത്. ഡ്യുവല്‍ സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഡിസ്‌പ്ലേ എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. സ്‌കൈ റൂഫ് എന്ന് മഹീന്ദ്ര വിശേഷിപ്പിക്കുന്ന വലിയ പനോരമിക് സണ്‍റൂഫും ഇതിലുണ്ട്.

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതും സെഗ്‌മെന്റിലെ ആദ്യ ഫീച്ചറായാണ് വിശേഷിപ്പിക്കുന്നത്. 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Mahindra XUV700 To Get Smart Door Handle, XUV700 Teaser Video Released