മഹീന്ദ്ര XUV700 | Photo: Facebook|Mahindra
ഇന്ത്യന്‍ വാഹനങ്ങള്‍ ഇനി കൈപ്പാടകലെ നിര്‍ത്തേണ്ടവരല്ല. ഏതൊരു കൊമ്പുവെച്ച വിദേശിക്കൊപ്പമോ അല്ലെങ്കില്‍ ഒരു പടി മുന്നിലോ നില്‍ക്കേണ്ടവരാണ്. കാലം മാറുകയാണ് ഉപഭോക്താവും അവരുടെ ആവശ്യകതകളും. അതോടൊപ്പം സ്വയം മാറിയില്ലെങ്കില്‍ കാലിനടിയിലെ മണ്ണിളകിപ്പോകും എന്ന അവസ്ഥയായപ്പോള്‍ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കുകയാണ് അവര്‍. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹീന്ദ്ര. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്. യു.വി.700 യുടെ ടെസ്റ്റ് ഡ്രൈവോടെ ഒരു കാര്യം ഉറപ്പായി മഹീന്ദ്ര ഇനി പഴയ മഹീന്ദ്രയല്ല. മാറ്റങ്ങളുടെ പെരുമഴയാണ് ഈ വണ്ടിയില്‍. ലോഗോ തൊട്ട് ഫീച്ചറുകളില്‍ വരെ പുതുമ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും വിജയവുമാണ്. വാഹനത്തിനു ചുറ്റിലും ക്യാമറകളുടെ പ്രളയം, മുന്നില്‍ റഡാര്‍. ഉള്ളില്‍ ബെന്‍സിനെ ഓര്‍മിപ്പിക്കുന്ന ക്ലസ്റ്ററുകള്‍ അങ്ങിനെ പോകുന്നു മഹീന്ദ്ര തുറക്കുന്ന പുതുലോകം. നേരിട്ട് ഡ്രൈവിലേക്ക് കടക്കാം.

പുറംമോടി
രൂപത്തിന്റെ കാര്യത്തില്‍ മുന്‍ഗാമിയായ എക്സ്.യു.വി. 500-ന്റെ ചില മിന്നലാട്ടങ്ങളല്ലാതെ മറ്റൊന്നും എക്സ്.യു.വി 700-ലേക്ക് കൊണ്ടുവന്നിട്ടില്ല. ഗ്രില്‍ മുതല്‍ മാറ്റം തുടങ്ങുന്നു. പതിവിന് വിപരീതമായി മുന്നിലെ ക്രോം ലൈനിങ്ങ് കുത്തനെയാക്കി. കട്ടിയേറിയ ലൈനാണ് ഗ്രില്ലിനെ സമ്പന്നമാക്കുന്നത്. അതിന് നടുവില്‍ പുതിയതായി രൂപം കൊടുത്ത പുതിയ ലോഗോ തലയുയര്‍ത്തി നില്ക്കുന്നു. ടു ക്ലിഫ്സ് അഥവാ രണ്ട് കൊടുമുടികള്‍ എന്ന് ഓമനപ്പേരിട്ടാണ് ഇതിനെ വിളിക്കുന്നത്. ആദ്യം അല്‍പ്പം അസ്പ്രശ്യത തോന്നുമെങ്കിലുംകുറച്ചു നേരം നോക്കി നിന്നാല്‍ കൗതുകമായി മാറും.
മുന്‍ഭാഗത്തെ ഒരു ഭീമാകാരനായ എസ്.യു.വിയെന്ന് തോന്നിപ്പിക്കുന്നത് ഡി.ആര്.എല്‍ അടങ്ങുന്ന ഹെഡ്ലൈറ്റ് ക്ലെസ്റ്ററാണ്. അതില്‍ പ്രധാനം വലിയ സി ആകൃതിയിലുള്ള ഡി.ആര്.എല്ലുതന്നെയാണ്. കാരണം വശങ്ങള് പൂര്‍ണമായും നിറഞ്ഞു നില്‍ക്കുന്നുണ്ട് ഇവ. എവിടെനിന്ന് നോക്കിയാലും ഇവയുടെ തിളക്കം കാണാം. താഴെ ഇതിനോട് ഇഴയടുപ്പം കാണിച്ചുകൊണ്ട് ഫോഗ് ലാമ്പും നല്കിയിരിക്കുന്നു. ഉയര്‍ന്ന മസ്തകം പോലെയാണ് ബോണറ്റ്. ഉയര്‍ന്നു നില്ക്കുന്ന ബോണറ്റിന് മുകളില്‍ മസില് പെരുപ്പിച്ച് നില്ക്കുന്നതു പോലെ നല്കിയ ഭീമാകാരമായ രണ്ട് ലൈനുകളാണ് എടുത്തുപറയേണ്ടത്.
വശങ്ങളിലെ പ്രധാന ആകര്‍ഷണം ഇതിന്റെ ഡോര്‍ ഹാന്‍ഡിലാണ്. ബോഡിക്കുള്ളിലേക്ക് മറഞ്ഞു കിടക്കുകയാണവ. താക്കോലില്‍ വാഹനം തുറക്കാല്‍ മാത്രം മറ നീക്കി ഹാന്‍ഡിലുകള്‍ പുറത്തേക്ക് വരും. അകമ്പടിയായി ഒ.വി.ആര്. എമ്മില്‍ വിളക്കുകള്‍ തെളിയും സംഗീതവുമുണ്ടാകും. പതിനെട്ട് ഇഞ്ച് ടയറില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന് കൂട്ടായി മനോഹരമായ അലോയ് വീലുമുണ്ട്. തള്ളി നില്ക്കുന്ന വീല്‍ ആര്‍ച്ചിലൂടെ വശങ്ങള് പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് കറുത്ത ക്ലാഡിങ്ങ് കടന്നു പോകുന്നത്. പിന്‍വശത്തെ ബോഡിലൈനിങ്ങ് മാത്രമാണ് പഴയ എക്സ്.യു.വി. 500-നെ ഓര്‍മിപ്പിക്കുന്നത്. പിന്നിലാകട്ടെ പുതിയ കട്ടിങ്ങുകളും ബോള്ഡുമെല്ലാം പുതിയ രൂപം നല്‍കുന്നുണ്ട്. വലിയ എല്‍.ഇ.ഡി. ടെയില്‍ ലാമ്പും പുതിയ ലോഗോയുമെല്ലാം പിന്‍ഭാഗത്തെ അലങ്കരിക്കുന്നു.
അകംഭംഗി
ഉള്ളിലാണ് മഹീന്ദ്രയുടെ മാന്ത്രികജാലം പ്രധാനമായും കാണാന്‍ കഴിയുന്നത്. അത് ഡാഷ്ബോര്‍ഡ് മുതല്‍ തുടങ്ങുന്നു. ആരുടെ കണ്ണും പെട്ടെന്നെത്തുന്നതാണ് വലിയ സ്ക്രീനുകള്‍. 10.5 ഇഞ്ചിന്റെ രണ്ടെണ്ണമാണ് ഒറ്റ പാനലില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയന്‍മെന്റ് ക്ലസ്റ്ററുമാണത്. ഈ രണ്ട് സ്ക്രീനുകളിലും നിറയുന്ന നിറങ്ങളും കണ്ണിന് ആയാസമുണ്ടാക്കാത്ത മനോഹരമാണ്. കണക്ടിവിറ്റിയും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഇതില്‍ കാണാം. താഴേക്ക് വന്നാല്‍ മുന്‍ഗാമിയില്‍ നിന്നും എടുത്തിട്ടുള്ളതാണ് ക്ലൈമറ്റ് കണ്ട്രോള് പാനലും നോബുകളും. അതിനും താഴെ സ്വിച്ചുകളും നല്‍കിയിട്ടുണ്ട്.
പിന്നാലെ രണ്ട് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള സ്ഥലം നല്കിയിരിക്കുന്നു. ഒന്ന് വയര്‍ലെസ് ചാര്‍ജറാണ്. മറ്റൊന്ന് യു.എസ്.ബി. ചാര്‍ജറും നല്കുന്നു. താഴെ ഓട്ടോമാറ്റിക് ഗിയര്ലിവറുണ്ട്. അതിനടുത്ത് മറ്റൊരു നോബ് കാണാം. പെട്ടെന്ന് ഡ്രൈവിങ്ങ് മോഡുകള്‍ മാറ്റാനുള്ളതാണ് എന്നു കരുതുമെങ്കിലും അതല്ല. ഇന്‍ഫൊടെയ്ന്‍മെന്റ് സ്ക്രീനിലേക്കുള്ള കുറുക്കുവഴിയാണ്. ഡ്രൈവര്‍ക്ക് ഹാന്‍ഡ്റെസ്റ്റില്‍ നിന്ന് കൈയ്യനക്കാതെതന്നെ എല്ലാം നിയന്ത്രിക്കാം. ഇതിനും പുറമെ സ്റ്റിയറിങ്ങിലും ഇവയെല്ലാം നല്‍കിയിട്ടുണ്ട്.
ഡാഷ്ബോര്‍ഡും വ്യത്യസ്തമാക്കാന്‍ ശ്രമമുണ്ട്. കറുത്ത നിലവാരം കൂടിയ പ്ലാസ്റ്റിക്കുകൊണ്ടാണ് ഡാഷ്ബോര്‍ഡ്, തൊട്ടുതാഴെ വെള്ളനിറത്തിലുള്ള തുകല്‍ പൊതിഞ്ഞ ലൈനിങ്ങ്, അതിനും താഴെ വെള്ളിവര വീണ്ടും കറുപ്പ് എന്നിങ്ങനെയാണ് തട്ടുതട്ടായി തിരിച്ചത്. വാതിലുകളിലേക്കും വെള്ളനിറത്തിലുള്ള വുഡന്‍ പാനലിങ്ങ് നല്കിയിരിക്കുന്നു. ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാനുള്ള സ്വിച്ചുകളും വാതിലിലാണ്. മികച്ച നിലവാരമുള്ള സീറ്റുകളാണ്. ഇരുന്നാല്‍ പൊതിഞ്ഞു പിടിക്കുന്നതുപൊലുണ്ട്. പിന്നിലെ സീറ്റകളും സുഖപ്രദം. വേണമെങ്കില്‍ നാലുപേര്‍ക്കുവരെ അഡ്ജസ്റ്റ് ചെയ്യാം. ഇതിലും എ.സി. വെന്റും ചാര്‍ജിങ്ങ് പോയന്റുമെല്ലാമുണ്ട്. മൂന്നാം നിര സീറ്റ് മറ്റെല്ലാവരേയാം പോലെ കുട്ടികള്‍ക്ക് വേണ്ടി തന്നെയാണ്. മൂന്നാം നിരയിലേക്കുള്ള പ്രവേശനത്തിന് വണ്‍ ടച്ച് മടക്കല്‍ തന്നെയാണ്. മുഴുവനായും നിങ്ങിമാറുന്ന പനോരമിക് സണ്‍റൂഫും നല്‍കിയിട്ടുണ്ട്. അതിനാല്‍ മൂന്നാം നിര യാത്രക്കാര്‍ക്ക് വരെ ആകാശം കണ്ട് യാത്രചെയ്യാം.

കരുത്തും സുരക്ഷയും
പുതിയ പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 വരുന്നത്. മുന്‍ഗാമിയില്‍ നിന്ന് അല്‍പ്പം മാറ്റങ്ങളാണിതില്‍ വരുത്തിയിട്ടുള്ളത്. നീളം കൂടി. ഇനി വരാന്‍ പോകുന്ന മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പ്ലാറ്റ്ഫോം. വൈദ്യുത വാഹനവുമെല്ലാം താങ്ങുന്ന വിധത്തിലുള്ള പ്ലാറ്റ്ഫോമാണിത്. ഇരുപതിലധികം വണ്ടികളാണ് വരാന്‍ കിടക്കുന്നത്. അതായത് മഹീന്ദ്ര അങ്കത്തിനൊരുങ്ങിയിറങ്ങുകയാണ് എന്നര്‍ഥം. മോണോകോക്ക് ബോഡിഷെല്ലായതിനാല് സഞ്ചാരസുഖം പ്രദാനം ചെയ്യുന്നുണ്ട്.
ഥാറില്‍ കണ്ട എം സ്റ്റാലിയന്‍ 2.ലിറ്റര്‍ ടര്‍ബോ പെട്രോളാണ് ഡ്രൈവിന് ലഭിച്ച വണ്ടിയിലുണ്ടായിരുന്നത്. പെട്രോള്‍ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഡീസല്‍ പിന്നാലെ വരും. അതില്‍ 2.2 ലിറ്റര്‍ എം. ഹോക്ക് എന്‍ജിനായിരിക്കും. പെട്രോള്‍ മോഡലില്‍ ഥാറിലുള്ളതിനേക്കാളും കരുത്ത് അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും ഇത്രയും വലിയ വണ്ടിക്ക് ലാഗില്ലാതെ നഗരത്തിരക്കിലും ഒഴിഞ്ഞ റോഡുകളിലും ഒരുപോലെ പ്രതികരിക്കാന്‍ ആകുന്നുണ്ട്. വേറൊന്നും കൊണ്ടല്ല ടര്‍ബോ കരുത്തും ഡയറക്ട് ഇന്‍ജക്ഷനും കാരണം 200 കുതിരശക്തിയാണ് ഒറ്റയടിക്ക് കിട്ടുക. ആക്സിലേറ്ററില്‍ കാല്കൊടുക്കുമ്പോള് തന്നെ മിന്നല്‍ പിണര്‍ പോലെ കുതിക്കുകയാണ്. നാലായിരം ആര്.പി. എമ്മിലും വണ്ടിക്ക് കുലുക്കമൊന്നുമുണ്ടാവില്ല.

സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിലാണ് ഈ വണ്ടി. അഡാസ് അതായത് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും കൂട്ടായുണ്ട്. തൊട്ടുമുന്നില്‍ വണ്ടിയുണ്ടെങ്കില്‍ സ്വന്തമായി ബ്രേക്കിടുന്നതുകൊണ്ട് നഗരത്തിരക്കില്‍ വാഹനത്തിന് നല്ല പണിയെടുക്കേണ്ടി വന്നു. സ്റ്റിയറിങ്ങിലെ കോരിത്തരിപ്പിലൂടെയാണ് നമ്മള് ഇതറിയുക. ലെയിന്‍ തെറ്റിയാലും ഇതേ കോരിത്തരിപ്പുണ്ടാവും. ഒ.വി. ആര്. എമ്മിലേയും മറ്റു ക്യാമറകളുടേയും മുന്നിലുള്ള റഡാറിന്റേയും സഹായത്തോടെയാണീ പരിപാടികള്‍. കാല് മുട്ടിന് വരെ എയര്‍ബാഗിന്റെ സുരക്ഷ നല്കുന്നു. നാല് ടയറുകള്‍ക്കും ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ പോകുന്നു സുരക്ഷയ്ക്കായി മഹീന്ദ്ര സൃഷ്ടിച്ചിട്ടുള്ള കാര്യങ്ങള്‍. 12.5 ലക്ഷം മുതല്‍ 22 ലക്ഷം വരെ എക്സ്ഷോറൂം വിലയിലാണ് പെട്രോള്‍ മോഡലുകള്‍ വരുന്നത്.
Content Highlights: Mahindra XUV700 Test Drive Review, Mahindra XUV700 Price, XUV700 Review, XUV700 Petrol, Diesel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..