മഹീന്ദ്ര എക്സ്.യു.വി | Photo: Mahindra
മൂന്ന് മണിക്കൂറില്‍ 50,000 ബുക്കിങ്ങ് എന്ന റെക്കോഡ് സ്വന്തമാക്കിയാണ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ XUV700-ന്റെ തുടക്കം. അവതരിപ്പിച്ച് നാല് മാസം പിന്നിടുന്നതോടെ ഈ വാഹനം സ്വന്തമാക്കാന്‍ എത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. വാഹനത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും പല പ്രതിസന്ധധികളും നേരിടുന്ന ഈ കാലയളവിലും 14,000 യൂണിറ്റ് ഉപയോക്താക്കള്‍ക്ക് കൈമാറിയതായി മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഇപ്പോഴും ഒരു പ്രതിസന്ധിയായി തുടരുകയാണ്. വരുന്ന ആറ് മുതല്‍ ഒമ്പത് വരെയുള്ള മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല. ഈ ക്ഷാമം നിര്‍മാണത്തെ ബാധിക്കുന്നതിനാല്‍ തന്നെ XUV700, ഥാര്‍ പോലുള്ള വാഹനങ്ങളുടെ ബുക്കിങ്ങ് കാത്തിരിപ്പ് ഉയരുമെന്നും, നിലവിലുള്ള കാത്തിരിപ്പ് കാലയളവ് ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മഹീന്ദ്ര ഗ്രൂപ്പ് മേധാവി അഭിപ്രായപ്പെടുന്നു.
മഹീന്ദ്ര XUV700-ന്റെ വിതരണത്തില്‍ പെട്രോള്‍ മോഡലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. പെട്രോള്‍ എന്ജിന് മോഡല്‍ ഒക്ടോബര്‍ അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയിരുന്നു. എന്നാല്‍, ഒരു മാസത്തിന് ശേഷം നവംബര്‍ അവസാനത്തോടെയാണ് ഡീസല്‍ മോഡലുകള്‍ ലഭ്യമാക്കിയത്. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് സൂചന. താഴ്ന്ന വേരിയന്റുകള്‍ ആറ് മാസത്തില്‍ ലഭ്യമാകും.
MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ AX7 ലക്ഷ്വറി ഓള് വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content highlights: Mahindra XUV700 gets one lakhs booking in four months, waiting periods increase
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..