2021-ല്‍ മഹീന്ദ്ര ഇന്ത്യക്കായി സമ്മാനിക്കാനൊരുങ്ങുന്ന വാഹനമാണ് ഏഴ് സീറ്റര്‍ എസ്.യു.വി. മോഡലായ എക്‌സ്.യു.വി.700. ഓരോ ആറ് ദിവസത്തെ ഇടവേളകളിലും വാഹനത്തിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ടീസറുകള്‍ വെളിപ്പെടുത്തിയാണ് മഹീന്ദ്ര വാഹന പ്രേമികളെ ആവേശത്തിലാക്കുന്നത്. ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറുകളാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്. 

ഏറ്റവും ഒടുവില്‍ പുറത്തുവന്ന വീഡിയോയില്‍ സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍ ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ സുരക്ഷ ഉറപ്പാക്കുന്ന ഒരു കിടിലന്‍ ഫീച്ചറാണ് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുള്ളത്. ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ സേഫ്റ്റി സിസ്റ്റം എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്. ഡ്രൈവറിന് ഉറക്കം വരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്.

ഡ്രൈവറിന്റെ തലയുടെ ചലനം നിരീക്ഷിച്ചായിരിക്കും ഉറക്കവും മറ്റും തിരിച്ചറിയുകയും അദ്ദേഹത്തെ വിളിച്ച് ഉണര്‍ത്തുകയും ചെയ്യുന്നത്. അതേസമയം, ഈ സംവിധാനത്തിന്റെ പിന്നിലെ സാങ്കേതികവിദ്യ അവതരണ വേളയില്‍ മാത്രമേ മഹീന്ദ്ര വെളിപ്പെടുത്തൂവെന്നാണ് റിപ്പോര്‍ട്ട്. ലെയ്ന്‍ മോണിറ്ററിങ്ങ്, സിറ്റിയറിങ്ങ് പാറ്റേൺ മോണിറ്ററിങ്ങ്, ഡ്രൈവര്‍ ഐ/ഫെയ്‌സ് മോണിറ്ററിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ നല്‍കിയേക്കും. 

മഹീന്ദ്ര XUV500-ന്റെ പകരക്കാരനായാണ് XUV700 എത്തുന്നത്. ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുങ്ങുന്നത്. ഡ്യുവല്‍ സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഡിസ്പ്ലേ എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. സ്‌കൈ റൂഫ് എന്ന് മഹീന്ദ്ര വിശേഷിപ്പിക്കുന്ന വലിയ പനോരമിക് സണ്‍റൂഫും ഇതിലുണ്ട്.

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം ഈ വാഹനത്തില്‍ നല്‍കിയേക്കും. ഇത് സെഗ്മെന്റിലെ ആദ്യ ഫീച്ചറാണ്. 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Mahindra XUV700 Gets Driver Drowsiness Detection System