ന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് ഞെട്ടിച്ച സ്വീകാര്യത ലഭിച്ച വാഹനമായിരുന്നു ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വി. ഇപ്പോഴും തുടരുന്ന ഈ വിജയത്തിന് പിന്നാലെ മഹീന്ദ്രയ്ക്ക് ഇരട്ടി മധുരം സമ്മാനിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം വിപണിയില്‍ അവതരിപ്പിച്ച XUV700. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിച്ച ബുക്കിങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി വെറും മൂന്ന് മണിക്കൂറില്‍ നേടിയിരിക്കുന്നത്. 

ഒക്ടോബര്‍ ഏഴാം തിയതിയാണ്  XUV700-ന്റെ ബുക്കിങ്ങ് മഹീന്ദ്രയില്‍ ആരംഭിക്കുന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വില ആയിരിക്കുമെന്നായിരുന്നു അറിയിപ്പ്. ബുക്കിങ്ങ് തുറന്ന് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് വില കുറവ് ഉറപ്പുനല്‍കിയിരുന്ന 25,000 വാഹനങ്ങളുടെയും ബുക്കിങ്ങ് പൂര്‍ത്തിയാകുകയായിരുന്നു. പിന്നീട് പ്രാരംഭമായി നല്‍കിയിരുന്ന ഓഫര്‍ വില അവസാനിച്ചതായി അറിയിക്കുകയും 50,000 രൂപ വരെ ഉയര്‍ത്തി പുതിയ വില പ്രഖ്യാപിക്കുകയുമായിരുന്നു.

ബുക്കിങ്ങിന്റെ രണ്ടാം ദിവസം വില ഉയര്‍ന്നിട്ടും അവസ്ഥയില്‍ പ്രത്യേകം മാറ്റമുണ്ടായില്ല. ആദ്യദിനം 57 മിനിറ്റ് കൊണ്ടാണ് 25,000 ആളുകള്‍ ബുക്ക് ചെയ്തതെങ്കില്‍ രണ്ടാം ദിനം 25,000-ത്തില്‍ എത്താന്‍ രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു എന്നതാണ് പ്രധാനമാറ്റം. ഇതോടെ 50,000 ബുക്കിങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി XUV700-ന് ലഭിച്ചിട്ടുള്ളത്. ആറ് മാസത്തേക്കാണ് 50,000 യൂണിറ്റ് മഹീന്ദ്ര ഉദ്ദേശിച്ചിരുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

പെട്രോള്‍ മോഡലുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയായിരുന്നു പ്രാരംഭ വില.പുതുക്കിയ വില അനുസരിച്ച് പെട്രോള്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദത്തിന് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ഡീസല്‍ അടിസ്ഥാന മോഡലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 22.89 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Source: Cardekho

Content Highlights: Mahindra XUV700 Gets 50,000 Booking In Two Days