ന്ത്യയിലെ വാഹനപ്രേമികള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന വാഹനമാണ് മഹീന്ദ്രയുടെ എസ്.യു.വി. മോഡലായ എക്‌സ്.യു.വി.700. ഇതിന്റെ തെളിവാണ് നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ബുക്കിങ്ങ് കുതിപ്പ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ബുക്കിങ്ങ് തുറന്ന് രണ്ട് ആഴ്ച പിന്നിടുമ്പോള്‍ 65000-ത്തില്‍ അധികം ആളുകളാണ് ഈ വാഹനം ബുക്ക് ചെയ്ത് സ്വന്തമാക്കാന്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ ഏഴാം തിയതിയാണ് XUV700-ന്റെ ബുക്കിങ്ങ് തുറന്നത്. 

ബുക്കിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒക്ടോബര്‍ ഏഴ്, എട്ട് ദിവസങ്ങളിലായി വെറും മൂന്ന് മണിക്കൂറില്‍ 50,000 ബുക്കിങ്ങുകളാണ് എക്‌സ്.യു.വി.700-ന് ലഭിച്ചിരുന്നത്. ബുക്കിങ്ങ് ലഭിച്ചിട്ടുള്ള പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ ഒക്ടോബര്‍ 30 മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. അതേസമയം, ഡീസല്‍ മോഡലിന്റെ ഡെലിവറി നവംബര്‍ അവസാന വാരമായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹീന്ദ്രയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഇപ്പോഴും മഹീന്ദ്ര എക്‌സ്.യു.വി. 700-ന്റെ ബുക്കിങ്ങ് തുടരുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഡെലിവറി ആരംഭിക്കുന്നതിന് മുന്നോടിയായി ബുക്കിങ്ങിന്റെ മുന്‍ഗണന ക്രമത്തില്‍ ഒക്ടോബര്‍ 27 മുതല്‍ ഉപയോക്താക്കളുടെ തൊട്ടടുത്ത ഡീലര്‍ഷിപ്പുകളില്‍ നിന്ന് അറിയിപ്പ് ലഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. വാഹനത്തിന്റെ ലഭ്യത അനുസരിച്ച് ദിവസത്തില്‍ നേരിയ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

ചെന്നൈയിലെ എം.എസ്.പി.ടി. ട്രാക്കില്‍ നടന്ന സ്പീഡ് എന്‍ഡുറാസ് ചാലഞ്ചില്‍ 80-ല്‍ അധികം റെക്കോഡുകള്‍ സ്വന്തമാക്കിയതും ഈ വാഹനത്തിന്റെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ചാലഞ്ചില്‍ എക്‌സ്.യു.വി.700-ന്റെ ഡീസല്‍ മോഡല്‍ 4384.73 കിലോമീറ്ററും പെട്രോള്‍ മോഡല്‍ 4232.01 കിലോമീറ്ററുമാണ് പിന്നിട്ടത്. ശരാശരി 160-170 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് ഈ വാഹനം റെക്കോഡുകള്‍ ഭേദിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Mahindra XUV700 Clocks 65000 Bookings in Two Weeks; Petrol variant deliveries to begin from 30th Oct