ഹീന്ദ്രയുടെ നിര്‍മാണത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന വാഹനമാണ് XUV700 എസ്.യു.വി. സ്റ്റൈലില്‍ മാത്രമല്ല ഫീച്ചറുകളിലും പെര്‍ഫോമെന്‍സിലും പ്രശംസ നേടിയ ഈ വാഹനം ഒടുവില്‍ ഏറ്റവും സുരക്ഷിതവുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഇടിച്ച് നേടിയാണ് മഹീന്ദ്രയുടെ ഈ കരുത്തന്‍ വാഹനം സ്വന്തം ശ്രേണിയില്‍ ഏറ്റവും സുരക്ഷിതമായ എസ്.യു.വിയാണെന്ന് തെളിയിച്ചിരിക്കുന്നത്.

2014-ന് ശേഷം ക്രാഷ്‌ടെസ്റ്റിനെത്തുന്ന ഇന്ത്യന്‍ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വാഹനം എന്ന റെക്കോഡോടെയാണ് XUV700 ഈ ഇടിപരീക്ഷയെ അതിജീവിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.03 മാര്‍ക്കും നേടിയാണ് ഈ എസ്.യു.വി. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 41.66 പോയന്റും മഹീന്ദ്രയുടെ ഈ കരുത്തന്‍ എസ്.യു.വി. നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മഹീന്ദ്രയുടെ പുതുതലമുറ വാഹനങ്ങളെല്ലാം സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് XUV700-ന് പുറമെ, മറ്റ് മോഡലുകളായ മരാസോ, XUV300, ഥാര്‍ തുടങ്ങിയ മോഡലുകള്‍ ക്രാഷ്‌ടെസ്റ്റില്‍ മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഥാര്‍, മാരാസോ തുടങ്ങിയ വാഹനങ്ങള്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയപ്പോള്‍ കോംപാക്ട് എസ്.യു.വി. മോഡലായ XUV300 ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുണ്ട്. 

വാഹനത്തിന്റെ മുന്‍നിരയിലും പിന്നിലുമുള്ള യാത്രക്കാര്‍ക്ക് കാര്യക്ഷമമായ സുരക്ഷയൊരുക്കുന്നതിനൊപ്പം വാഹനത്തിന്റെ വശങ്ങളും ഏറെ ദൃഢതയുള്ളതാണെന്ന് ക്രാഷ്‌ടെസ്റ്റ് തെളിയിച്ചിട്ടുണ്ട്. അടിസ്ഥാന മോഡലില്‍ മുതല്‍ മികച്ച സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ് തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ അടിസ്ഥാന വേരിയന്റില്‍ മുതല്‍ നല്‍കുന്നുണ്ട്.

വാഹനം അവതരിപ്പിച്ച് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് ഈ എസ്.യു.വിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യ രണ്ട് ദിവസങ്ങളില്‍ ലഭിച്ച 50,000 ബുക്കിങ്ങ് ഉള്‍പ്പെടെ ഇതിനോടകം തന്നെ 75,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നത്. ദീപാവലിയുടെ ഭാഗമായാണ് XUV700-ന്റെ വിതരണം ആരംഭിച്ചത്. ഈ ആഘോഷത്തോട് അനുബദ്ധിച്ച് 700 യൂണിറ്റിന്റെ വിതരണമാണ് നടത്തിയതെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 20 മോഡലുകളായാണ് XUV700 എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിന് 12.49 ലക്ഷം മുതല്‍ 21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

Content Highlights: Mahindra XUV700 Achieve 5 Star Rating In Global NCAP Crash Test, Crash Test, Mahindra XUV700, Safest SUV