ഹീന്ദ്രയുടെ എക്‌സ്.യു.വി. 700 സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ കാത്തിരുന്ന ദിനമാണിന്ന്. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച ദിവസം. എക്‌സ്.യു.വി. 700 ആരാധകര്‍ വാഹനം സ്വന്തമാക്കാന്‍ ഇരച്ചെത്തിയതോടെ മഹീന്ദ്രയുടെ ചരിത്രത്തില്‍ പുതിയ ഒരു റെക്കോഡ് കൂടി പിറന്നിരിക്കുകയാണ്. ബുക്കിങ്ങ് ആരംഭിച്ച് കേവലം 57 മിനിറ്റിനുള്ളില്‍ 25,000 ആളുകളാണ് മഹീന്ദ്ര എക്‌സ്.യു.വി. 700 ബുക്ക് ചെയ്തതെന്നാണ് ലഭ്യമായ സൂചനകള്‍.

ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം വിലയായിരിക്കുമെന്നാണ് അവതരണ വേളയില്‍ മഹീന്ദ്ര അറിയിച്ചിരുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയായിരുന്നു പ്രാരംഭ വില. ബുക്കിങ്ങ് 25,000 കടന്നതോടെ ഈ വാഹനത്തിന്റെ വിലയും മഹീന്ദ്ര പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ട് മോഡലുകള്‍ക്കും 50,000 രൂപ വരെ വില ഉയര്‍ത്തിയിട്ടുണ്ട്.

Mahindra XUv700
മഹീന്ദ്ര XUV700 | Photo: Mahindra

പുതുക്കിയ വില അനുസരിച്ച് പെട്രോള്‍ എന്‍ജിനിലെ അടിസ്ഥാന വേരിയന്റായ എം.എക്‌സിന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ എ.എക്‌സ്7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതേസമയം, എം.എക്‌സ്. ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ എ.എക്‌സ്7 ലക്ഷ്വറി ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയാക്കിയിട്ടുണ്ട്.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 

Mahindra XUV700

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്‌സ്.യു.വി. 700-ന്റെ അഴകളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് അഴകേകുന്നത്. 

മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്‌പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് എക്‌സ്.യു.വി.700-ന്റെ അകത്തളം ഫീച്ചര്‍ സമ്പന്നമാക്കുന്നത്.

Content Highlights: Mahindra XUV700 Achieve 25,000 Booking In 57 Minutes, Mahindra XUV700 SUV