2020 മുതല്‍ മഹീന്ദ്രയുടെ പുതുതലമുറ എക്‌സ്.യു.വി 500-ന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, നിരാശയായിരുന്നു ഈ കാത്തിരിപ്പിന്റെ ഫലം. ഒടുവില്‍ 2021-ന്റെ തുടക്കത്തില്‍ ഈ വാഹനമെത്തുമെന്ന് കരുതിയിരുന്നെങ്കിലും വരവ് 2021-ന്റെ അവസാനത്തിലേക്ക് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം അവതരണത്തിന് വിലങ്ങുതടിയായത് കോവിഡ്-19 മഹാമാരി ആയിരുന്നെങ്കില്‍ 2021-ലും ഇത് നീണ്ടുപോകുന്നതിന്റെ കാരണം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

പുതിയ റിപ്പോള്‍ട്ടുകള്‍ അനുസരിച്ച് ഏപ്രില്‍ മാസം അവസാനത്തോടെ ആയിരിക്കും ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുകയെന്നാണ് സൂചന. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ മാസത്തോടെ അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. അതേസമയം, ഉപയോക്താക്കളില്‍ പുതുതലമുറ എസ്.യു.വി.500 എത്താന്‍ നവംബര്‍ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീം ബി.എച്ച്.പി. റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയില്‍ എത്തുന്ന വാഹനമാണ് എക്‌സ്.യു.വി.500. അതുകൊണ്ട് തന്നെ ചിപ്പ് ക്ഷാമം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഈ വാഹനത്തിന്റെ നിര്‍മാണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വാഹന മേഖലയിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് ചിപ്പ് ക്ഷാമം. പ്രധാനമായും ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചിപ്പുകള്‍ ഇന്ത്യയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഡ്വാന്‍സ്ഡ് ഫീച്ചറുകളായിരിക്കും പുതുതലമുറ എക്‌സ്.യു.വി. 500-ന്റെ പ്രധാന സവിശേഷതയെന്നാണ് സൂചനകള്‍. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സുരക്ഷയൊരുക്കുന്നതിനും മറ്റുമായി നിരവധി സെന്‍സര്‍ സംവിധാനങ്ങള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്) തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തെ മുന്‍ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുകയെന്നാണ് സൂചനകള്‍. എ.ഡി.എ.എസ് സംവിധാനം നല്‍കുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കുമിത്.

അതേസമയം, പുതുതലമുറ എക്‌സ്.യു.വി. 500-ന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ പലപ്പോഴായി നവമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. ഡിസൈനിലും കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ ടി-ജി.ഡി.ഐ. പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായി നല്‍കിയേക്കും.

Source: Team BHP

Content Highlights: Mahindra XUV500 New Generation Model Delayed