പരീക്ഷണയോട്ട ചിത്രം | Photo: Social Media
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കമിട്ട വാഹന നിര്‍മാതാക്കള്‍ ആണെങ്കിലും നിലവില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിര ശൂന്യമാണ്. എന്നാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് മൈക്രോ എസ്.യു.വി. മോഡലാണ് കെ.യു.വി.100-ന്റെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് സൂചന. 2020-ഓട്ടോ എക്‌സ്‌പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍, ഇന്ത്യയിലെ വാഹനപ്രേമികള്‍ ഒന്നടങ്കം കാരത്തിരിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് മോഡല്‍ എസ്.യു.വി.300-ന്റെ ഇലക്ട്രിക് പതിപ്പാണ്. എക്‌സ്.യു.വി.400 എന്ന പേരില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം 2023-ഓടെ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇതോടെ ഈ വാഹനത്തിന്റെ വരവ് അടുത്തിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.
മൂടിക്കെട്ടലുകളുമായാണ് ഈ വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. മുന്നിലെ ഫെന്‍ഡറില്‍ ഇലക്ട്രിക് ചാര്‍ജിങ്ങിനുള്ള ലിഡ് നല്‍കിയിരിക്കുന്നതില്‍ നിന്നാണ് ഇത് ഇ.വിയാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ, 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച ഇലക്ട്രിക് എക്‌സ്.യു.വി.300 മോഡലുമായി ഈ വാഹനത്തിന് ഡിസൈന്‍ സാമ്യവുമുണ്ട്. മുഖഭാവത്തില്‍ സമാനതകളുണ്ടെങ്കിലും പിന്‍ഭാഗം റെഗുലര്‍ പതിപ്പിനെക്കാള്‍ വലിപ്പമുള്ളതാണ്.

മഹീന്ദ്രയുടെ ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനമാണ് XUV400 ഇലക്ട്രിക്ക്. തുടര്‍ന്ന് മഹീന്ദ്ര നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോമായിരിക്കും അടിസ്ഥാനമൊരുക്കുകയെന്നാണ് വിവരം. 350V, 380V എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക. ഇതില്‍ ഉയര്‍ന്ന റേഞ്ചുള്ള മോഡല്‍ ഹ്യുണ്ടായി കോന, എം.ജി. ZS ഇലക്ട്രിക് എന്നിവയുമായാണ് മത്സരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 400 എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 200 കിലോമീറ്ററും ലോങ്ങ്‌റേഞ്ച് മോഡല്‍ 375 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കിയേക്കും. ഡിസൈനിങ്ങില്‍ റെഗുലര്‍ XUV300-ല്‍ നിന്ന് നേരിയ മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും ഇലക്ട്രിക് പതിപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുക. പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിന്റെ ഹൈലൈറ്റാകും.
Content Highlights: Mahindra XUV400 Electric SUV Spied On Test Run, XUV300 Electric, Mahindra Electric
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..