കോംപാക്ട് എസ്.യു.വി മോഡലായ XUV 300 W6 ഡീസല്‍ വേരിയന്റിന് പുതിയ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) പതിപ്പ് മഹീന്ദ്ര പുറത്തിറക്കി. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ട്രാന്‍സ്മിഷനില്‍ ഒഴികെ മറ്റുമാറ്റങ്ങളൊന്നും W6 ഡീസല്‍ പതിപ്പിനില്ല. W6 മാനുവല്‍ മോഡലിനെക്കാള്‍ 50,000 രൂപയോളം കൂടുതലാണ് W6 എഎംടിക്ക്. 

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 115 ബിഎച്ച്പി പവറും 1500-2500 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. പുതിയ 6 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയ്ക്ക് പുറമേ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഓട്ടോ ഷിഫ്റ്റ്‌ പതിപ്പിലുണ്ട്. 

W6 വേരിയന്റിന് പുറമേ W8, W8 (O) എന്നിവയിലും എഎംടി ട്രാന്‍സ്മിഷനുണ്ട്. വിപണിയില്‍ മാരുതി ബ്രെസ ഡീസല്‍ ഓട്ടോമാറ്റിക്, ടാറ്റ നെക്‌സോണ്‍ ഡീസല്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികള്‍.

Content Highlights;mahindra XUV300 W6 diesel AMT launched