ന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമായി മഹീന്ദ്ര എക്‌സ്‌യുവി 300-ന്റെ പെര്‍ഫോമെന്‍സ് പതിപ്പ് ഏപ്രില്‍ മാസം നിരത്തുകളിലെത്തിക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, കൊറോണ വിപണിയെ ബാധിച്ചതോടെ ഈ വാഹനത്തിന്റെ വരവ് നീളുമെന്നാണ് മഹീന്ദ്രയില്‍ നിന്നുള്ള സൂചനകള്‍.

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിയത്. എക്‌സ്‌യുവി 300-ന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും കൂടുതല്‍ കരുത്തിലും സ്‌പോര്‍ട്ടി ഭാവത്തിലും പെര്‍ഫോമെന്‍സ് മോഡലാകുകയെന്നായിരുന്നു വിവരം. എക്‌സ്‌യുവി 300 സ്‌പോര്‍ട്‌സിന് 12 ലക്ഷം രൂപയോളം വിലയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

മഹീന്ദ്രയുടെ എംസ്റ്റാലിയോണ്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകും. റെഗുലര്‍ എക്‌സ്‌യുവിയേക്കാള്‍ 20 ബിഎച്ച്പി അധിക പവറും 30 എന്‍എം ടോര്‍ക്കും ഈ വാഹനത്തിന് കൂടുതലുണ്ട്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

വാഹനത്തിന്റെ ഡിസൈനില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഏതാനും മോടിപിടിപ്പിക്കല്‍ നടത്തിയിട്ടുണ്ട്. റെഡ് ബ്രേക്ക് കാലിപ്പേഴ്‌സ്, പുതിയ ബോഡ് ഗ്രാഫിക്‌സ്, ഡോറില്‍ സ്‌പോര്‍ട്‌സ് ബാഡ്ജിങ്ങ്, എന്നിവ എക്‌സ്റ്റീരിയറിലും ബ്ലാക്ക് ഫിനീഷിങ്ങും ഡാഷ്‌ബോര്‍ഡിലും സീറ്റുകളിലും നല്‍കിയിട്ടുള്ള റെഡ് സ്റ്റിച്ചിങ്ങ് ഇന്റീരിയറിലും പുതുമയൊരുക്കും.

എക്‌സ്‌യുവി 300-ന്റെ ഉയര്‍ന്ന വേരിയന്റിനെയാണ് സ്‌പോര്‍ട്‌സ് പതിപ്പാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ഈ വകഭേദത്തിലെ മറ്റ് ഫീച്ചറുകള്‍ സ്‌പോര്‍ട്‌സ് എഡിഷനിലും പ്രതീക്ഷിക്കാം. പെര്‍ഫോമെന്‍സ് എഡിഷന്‍ ആയതിനാല്‍ തന്നെ ഈ വാഹനത്തില്‍ കാര്യമായ സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുമെന്നും സൂചനയുണ്ട്.

Content Highlights: Mahindra XUV300 Sportz Launch Postponed Due To Corona Virus