സ്വന്തം നാട്ടില്‍ വേണ്ടത്രെ പരിഗണന ലഭിക്കുന്നില്ലെങ്കിലും വിദേശത്ത് സൂപ്പര്‍ സ്റ്റാറാണ് മഹീന്ദ്രയുടെ എക്‌സ്.യു.വി300 എന്ന കോംപാക്ട് എസ്.യു.വി. സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ഈ വാഹനം ആ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഈ കോംപാക്ട് എസ്.യു.വി. സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമാണ് മഹീന്ദ്ര എക്‌സ്.യു.വി300. ഇന്ത്യയില്‍ നിര്‍മിച്ചാണ് ഈ വാഹനം സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലെയും വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റിന് ഒരേ മാനദണ്ഡമാണുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള എക്‌സ്.യു.വി 300-ഉം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും സേഫര്‍ ചോയിസ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാര്യക്ഷമമായ സുരക്ഷയാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിഞ്ഞിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയും കരുത്തുറ്റതാണെന്ന് ഗ്ലോബല്‍ എന്‍ക്യാപ് അധികൃതര്‍ വിലയിരുത്തി. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അവശ്യ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ബാഗ്, സീറ്റ് റിമൈന്‍ഡര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി തുടങ്ങിയവ ഇതിലെ അടിസ്ഥാന സുരക്ഷ ഫീച്ചറുകളാണ്.
2019-ഫെബ്രുവരിയിലാണ് മഹീന്ദ്രയുടെ എക്സ്യുവി 300 കോംപാക്ട് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമില്‍ മഹീന്ദ്രയുടെ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തത്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമുണ്ട്.
Content Highlights: Mahindra XUV300 South African Model Achieve Five Star Rating In Crash Test