വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന വാഹനങ്ങളെക്കാള്‍ സുരക്ഷിതമാണ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളെന്ന് വീണ്ടും തെളിയുന്നു. ആഗോളതലത്തില്‍ നടത്തുന്ന ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്രയുടെ എക്‌സ്‌യുവി 300 അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഇന്ത്യന്‍ വാഹനങ്ങളുടെ സുരക്ഷ തെളിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ എംപിവി വാഹനമായ മരാസോ മുമ്പ് നാല് സ്റ്റാര്‍ റേറ്റിങ്ങ്‌ നേടിയിരുന്നു.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയന്റും നെക്‌സോണ്‍ 25 പോയന്റും നേടിയാണ് ഈ നേട്ടം കൈയെത്തി പിടിച്ചത്. അതേസമയം, 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. 

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്റാണ് എക്‌സ്‌യുവിക്ക് ലഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മുകച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.


എബിഎസ്-ഇബിഡി ബ്രേക്കിങ്ങ്‌, ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കോര്‍ണറിംങ് ബ്രേക്ക് കണ്‍ട്രോള്‍, ഓള്‍ ഡിസ്‌ക്‌ബ്രേക്ക്, പാസഞ്ചര്‍ എയര്‍ബാഗ് ഡിആക്ടിവേഷന്‍ എന്നീ സുരക്ഷ സംവിധാനങ്ങള്‍ എക്‌സ്‌യുവി300-ന്റെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഏഴ് എയര്‍ബാഗും മുന്നില്‍ പാര്‍ക്കിങ്ങ്‌ സെന്‍സറുകളും ത്രീ പോയന്റ്‌ സീറ്റ് ബെല്‍റ്റുമുണ്ട്.

2019-ഫെബ്രുവരിയിലാണ് മഹീന്ദ്രയുടെ എക്‌സ്‌യുവി 300 കോംപാക്ട് എസ്‌യുവി അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്രയുടെ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തത്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തിയത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമുണ്ട്.

Content Highlights: Mahindra XUV300 Scores 5 Star Rating In Global Crash Test