ഹീന്ദ്രയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി മോഡലായ XUV 300 ഫെബ്രുവരി 14-ന് ഇന്ത്യയില്‍ പുറത്തിറങ്ങുകയാണ്. തുടക്കത്തില്‍ തന്നെ കുഞ്ഞന്‍ XUV ജനപ്രീതി നേടുമെന്നാണ് ആദ്യ ബുക്കിങ് കണക്കുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ മാസം മുതല്‍ ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ച XUV 300-ന് ഇതിനോടകം 4000-ത്തിലേറെ പ്രീ ബുക്കിങ് ലഭിച്ചതായും 60,000 ത്തിലേറെ അന്വേഷണങ്ങള്‍ വന്നെന്നും കമ്പനി വ്യക്തമാക്കി.

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ എന്നീ വമ്പന്‍മാരാണ് വിപണിയില്‍ XUV-യുടെ മുഖ്യ എതിരാളികള്‍. സാങ്‌യോങ്‌ ടിവോളിയുടെ അടിത്തറയായ X100 പ്ലാറ്റ്‌ഫോമിലാണ് XUV300-ന്റെയും നിര്‍മാണം. പല ബോഡി പാനലുകളും ടിവോളിയില്‍ നിന്നെടുത്തതാണ്. വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, എല്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം, വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍, മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവയെല്ലാം ചേര്‍ന്ന് കരുത്തുറ്റ രൂപത്തിലാണ് XUV 300 വരുന്നത്. 

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങി നിരവധി പ്രീമിയം ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. 7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും XUV300-ല്‍ നല്‍കുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. 

XUV 300

പെട്രോളില്‍ 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സംവിധാനങ്ങളിലും XUV 300 എതിരാളികളെക്കാള്‍ കേമനാണ്. ഏഴ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, ആള്‍ ഫോര്‍ ഡിസക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍നിരയില്‍ മിഡില്‍ സീറ്റിലെ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, സ്പീഡ് അലര്‍ട്ട്, റിയര്‍ ഫോഗ് ലാമ്പ് എന്നിങ്ങനെ നീളുന്നു ചെറു എക്‌സ്.യു.വിയിലെ സുരക്ഷാ സന്നാഹങ്ങള്‍. 

Content Highlights; Mahindra XUV300 Receives 4,000 Bookings Before Its Launch