ഹീന്ദ്ര പുറത്തിറക്കിയ കോംപാക്ട് എസ്‌യുവി വാഹനമായ XUV300-ന്റെ ബുക്കിങ് കുതിക്കുന്നു. അവതരിപ്പിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും 26,000 ബുക്കിങ്ങുകളാണ് വിവിധ ഡീലര്‍ഷിപ്പുകളിലായി സ്വീകരിച്ചിട്ടുള്ളത്. കോംപാക്ട് എസ്‌യുവികളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്താണ് ഈ വാഹനം.

നാല് വേരിയന്റുകളില്‍ മഹീന്ദ്ര XUV300 നിരത്തിലെത്തുന്നുണ്ടെങ്കിലും ഏറ്റവുമധികം ബുക്കിങ് ലഭിച്ചിട്ടുള്ളത് ടോപ്പ് വേരിയന്റിനാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്തിട്ടുള്ളത് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലുമാണ്. 

അതിശയിപ്പിക്കുന്ന പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നായിരുന്നു മഹീന്ദ്ര സെയില്‍സ് മേധാവി വിജയ് നാക്രയുടെ പ്രതികരണം. ഇതില്‍ നല്‍കിയിട്ടുള്ള സുരക്ഷയും വാഹനത്തിന്റെ സ്റ്റൈലുമാണ് XUV300-നെ ജനപ്രീയമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രം ഇറക്കിയിട്ടും പെട്രോള്‍ വേരിയന്റിനാണ് കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്. ബുക്കിങ് കാലാവധി കുറച്ച് വാഹനം പരമാവധി വേഗത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് ഇപ്പോള്‍ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് XUV300. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300-ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

115 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഇതിലുള്ളത്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Content Highlights: Mahindra XUV300 Gets Over 26,000 Bookings In Two Months