ന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര ബിഎസ്-6 നിലവാരത്തിലുള്ള ഏതാനും മോഡലുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ലോക്ക്ഡൗണിന് പിന്നാലെ പുതുതലമുറ ഥാറും എത്തുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനശ്രേണിയിലേക്കുള്ള മോഡലുകള്‍ അല്‍പ്പം വൈകുമെന്നാണ് സൂചന.

രാജ്യത്തെ ഇലക്ട്രിക് എസ്‌യുവികളിലേക്കുള്ള മഹീന്ദ്ര സാന്നിധ്യമായി എക്‌സ്‌യുവി 300-ന്റെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷമെത്തുമെന്ന് അറിയിക്കുകയും ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ വരവ് 2021-ലേക്ക് നീട്ടിയതായാണ് റിപ്പോര്‍ട്ട്.

അതുപോലെ മഹീന്ദ്ര ഇതിനോടകം അവതരിപ്പിച്ചിട്ടുള്ള മിനി എസ്‌യുവി വാഹനമായ കെയുവി100-ന്റെ ഇലക്ട്രിക് പതിപ്പ് ഷോറൂമുകളിലെത്താനും കാലതാമസം നേരിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനോടകം ഷോറൂമുകളിലെത്തേണ്ടിയിരുന്ന ഈ വാഹനത്തെ 2020-ന്റെ അവസാനത്തോടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നും സൂചനകളുണ്ട്.

മഹീന്ദ്രയില്‍ നിന്ന് ഇനിയെത്തുന്ന ഇലക്ട്രിക് വാഹനം എക്‌സ്‌യുവി 300 ആയിരിക്കുമെന്ന് മുമ്പുതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്‌യുവി300 ഇ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. റെഗുലര്‍ മോഡലിന്റെ ഡിസൈനില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.

സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളായാണ് ഈ വാഹനം നിരത്തുകളിലെത്തുക. റേഞ്ചിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വേരിയന്റുകളായി തിരിച്ചിട്ടുള്ളത്. ഇതില്‍ സ്റ്റാന്റേഡ് പതിപ്പ് 200 കിലോമീറ്ററും ലോങ്ങ് റേഞ്ച് പതിപ്പ് 300 കിലോമീറ്ററുമാണ് ഒറ്റത്തവണ ചാര്‍ജില്‍ സഞ്ചരിക്കുന്ന ദൂരം.

വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്‌യുവി നിരത്തിലെത്തുകയെന്നാണ് വിവരം. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന. നെക്‌സോണ്‍ ഇവി ആയിരിക്കും ഈ വാഹനത്തിന്റെ എതിരാളി.

Source: NDTV Car and Bike

Content Highlights: Mahindra XUV300 Electric Launch postponed To 2021