ബിഎസ്-6 എന്‍ജിനിലേക്ക് മാറാന്‍ മാസങ്ങള്‍ ശേഷിക്കെ മഹീന്ദ്രയുടെ ആദ്യ ബിഎസ്-6 എന്ജിന് വാഹനം പുറത്തിറങ്ങി. കോംപാക്ട് എസ്യുവി ശ്രേണിയില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള എക്സ്യുവി 300 പെട്രോള്‍ പതിപ്പാണ് ബിഎസ്-6 എന്‍ജിനിലേക്ക് മാറിയിരിക്കുന്നത്.
എക്സ്യുവി 300 W4,W8 എന്നീ രണ്ട് വേരിയന്റുകളിലാണ് ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍ എന്ജിന് നല്‍കിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 8.30 ലക്ഷം, 11.84 ലക്ഷം രൂപയുമാണ് വില.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എക്സ്യുവി 300-ന് കരുത്തേകുന്നത്. 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 2020 ഏപ്രില്‍ മാസത്തിന് മുമ്പ് ബിഎസ്-6 നിലവാരത്തിലേക്ക് മാറുമെന്നാണ് സൂചന.
സാങ്യോങ് ടിവോളിയുടെ അടിത്തറയായ X100 പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിരിക്കുന്ന XUV300-ന്റെ പ്രധാന എതിരാളികള്‍ ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍ എന്നീ വമ്പന്മാരാണ്.
Content Highlights: Mahindra XUV300 BS6 Petrol Launched; Price Starts From 8.30 Lakhs