മഹീന്ദ്ര എക്സ്.യു.വി | Photo: Mahindra
ഇന്ത്യയുടെ സ്വന്തം എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര അടുത്ത കാലത്തായി തൊട്ടതെല്ലാം പൊന്നാക്കിയുള്ള കുതിപ്പാണ് നടത്തുന്നത്. ബൊലേറോ, ഥാര്‍, തുടങ്ങി എക്സ്.യു.വി.700 വരെ എത്തിയ വാഹനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിമാസം എക്സ്.യു.വി.700-ന് മാത്രം ശരാശരി 9800 ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വാഹനം അവതരിപ്പിച്ച് ഇതിനോടകം 80,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്.
മെയ് അവസാനം വരെയുള്ള കണക്ക് അനുസരിച്ച് 35,824 ഉപയോക്താക്കള്‍ക്കാണ് എക്സ്.യു.വി.700 കൈമാറിയിട്ടുള്ളത്. ഇനി ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ 2024 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. എക്സ്.യു.വി.700-യുടെ ബുക്കിങ്ങ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 50,000 ആളുകളാണ് ഇത് ബുക്കുചെയ്തത്. വാഹനത്തിന്റെ എക്സ്ഷോറൂം വില കണക്കാക്കിയാല്‍ ഇത് ഏകദേശം 9500 കോടി രൂപയുടെ ഇടപാടാണെന്നാണ് വിലയിരുത്തുന്നത്.
എക്സ്.യു.വി.700-ന് പുറമെ, മഹീന്ദ്രയുടെ മറ്റ് എസ്.യു.വികള്‍ക്കും വലിയ ഡിമാന്റാണ് ഉണ്ടാകുന്നത്. എക്സ്.യു.വി.700, എക്സ്.യു.വി.300, ഥാര്‍, ബൊലേറോ എന്നീ നാല് മോഡലുകള്‍ക്കുമാണ് 1.43 ലക്ഷം ബുക്കിങ്ങുകളാണ് ഡെലിവറി കാത്തിരിക്കുന്നത്. 26,000 ഥാര്‍, 15000 ബൊലേറോ, 14,000 എക്സ്.യു.വി 300 എന്നിങ്ങനെയാണ് നല്‍കാനുള്ളത്. അതേസമയം, മഹീന്ദ്ര കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ സ്കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് ജൂലായി 30-ന് ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ചിപ്പ് ക്ഷാമമാണ് വാഹനങ്ങളുടെ നിര്മാണത്തിനുണ്ടാകുന്ന കാലതാമസത്തിന് കാരണമായി മഹീന്ദ്ര പറയുന്നത്. എക്സ്.യു.വി.700-യില്‍ നല്‍കിയിട്ടുള്ള അഡ്രനോക്സ്, അഡാസ് പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്ക് നിരവധി ചിപ്പുകള്‍ ആവശ്യമാണെന്നും ചിപ്പുകള്‍ ലഭിക്കാന്‍ വൈകുന്നത് വാഹനങ്ങളുടെ നിര്‍മാണത്തില്‍ കാലതാമസമുണ്ടാക്കുന്നുവെന്നുമാണ് മഹീന്ദ്രയുടെ വാദം. അതിനാല്‍ തന്നെ മഹീന്ദ്രയുടെ എല്ലാ എസ്.യു.വികള്‍ക്കും ഉയര്‍ന്ന ബുക്കിങ്ങ് കാലവധി ഉണ്ടാകുന്നതെന്നും കമ്പനി അറിയിച്ചു.
MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Source: Autocar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..