ഴ് സീറ്റ് വാഹനങ്ങളുടെ ശ്രേണിയില്‍ സാന്നിധ്യമുറപ്പിക്കാനാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ശ്രമം. കഴിഞ്ഞ ദിവസം നിരത്തിലെത്തിച്ച മരാസോ എംപിവിക്ക് പിന്നാലെ എസ്‌യുവി വിഭാഗത്തില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന എക്‌സ്‌യുവി 700 ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തും.

മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടില്‍ കൊറിയന്‍ വാഹനനിര്‍മാതാക്കളായ സാങ് യോങ് നിരത്തിലെത്തിച്ച റെക്‌സ്‌ടോണിന്റെ പിന്മുറക്കാരനായാണ് മഹീന്ദ്ര എക്‌സ്‌യുവി 700, അഥവാ മഹീന്ദ്ര റെക്‌സ്‌ടോണ്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എക്‌സ്‌യുവി 500-ന്റെ മുകളിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം.

മഹീന്ദ്ര വൈ-400 എന്ന കോഡ് നമ്പറില്‍ 2018 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലെ എസ്‌യുവി ശ്രേണിയില്‍ കരുത്തരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് എന്നിവരാണ് എക്‌സ്‌യുവി 700-ന്റെ എതിരാളികള്‍.

വിദേശ രാജ്യങ്ങളിലെ നിരത്തിലെത്തിച്ച റെക്‌സ്‌ടോണിന് സമാനമായ രൂപകല്‍പ്പനയാണ് പുതിയ എക്‌സ്‌യുവി 700-ലും നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍വശത്ത് ചില മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്ലും പുതിയ ബമ്പറുമാണ് പ്രധാനമാറ്റം. 

കൂടുതല്‍ സൗകര്യമുള്ള ഉള്‍ഭാഗമാണ് എക്‌സ്‌യുവി 700-ന്റെ പ്രധാന പ്രത്യേകത. ബ്രൗണ്‍ ലതറില്‍ തീര്‍ത്ത ഡാഷ് ബോര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവയാണ് ഉള്‍വശത്തെ ഫീച്ചറുകള്‍. 

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 2157 സിസിയില്‍ 187 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എക്‌സ്‌യുവി 700-ല്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എതിരാളികളായ ഫോര്‍ച്യൂണര്‍, എന്‍ഡേവര്‍ എന്നിവയെക്കാള്‍ വില കുറവായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.