ഇന്ത്യയില്‍ ഏറ്റവുമധികം കരുത്താര്‍ജിക്കുന്ന വാഹനശ്രേണിയാണ് കോംപാക്ട് എസ്‌യുവി. അതുകൊണ്ട് തന്നെ ഈ ശ്രേണിയിലെത്തുന്ന വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തിലേക്കും മാറുന്നുണ്ട്. ടാറ്റ, എംജി തുടങ്ങിയവരുടെ ഇലക്ട്രിക് എസ്‌യുവിക്ക് പിന്നാലെ മഹീന്ദ്രയുടെ കരുത്തന്‍ മോഡലായ എക്‌സ്‌യുവി 300 ഇലക്ട്രിക് കരുത്തിലേക്ക് ചുടവുവയ്ക്കുകയാണ്.
അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്‌യുവി 300 ഇവി പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, നിരത്തുകളില്‍ 2021-ഓടെ മാത്രം ഈ വാഹനത്തെ പ്രതീക്ഷിച്ചാല്‍ മതി. മഹീന്ദ്ര മുമ്പ് നിരത്തിലെത്തിച്ച വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചായിരിക്കും എക്‌സ്‌യുവി 300-ന്റെ പ്രത്യേകതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒറ്റചാര്‍ജില്‍ പരമാവധി 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്റ്റാന്റേര്‍ഡ് മോഡലിന് സാധിക്കും. അതേസമയം ലോങ് റേഞ്ച് പതിപ്പില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ക്കായി എല്‍ജി കെമിക്കല്‍സുമായി മഹീന്ദ്ര സഖ്യത്തിലായിരുന്നു. ഈ കൂട്ടുകെട്ടിലുള്ള 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക് XUV-ക്ക് ഊര്‍ജം പകരുക. റഗുലര്‍ XUV 300-ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക് മോഡലിനുണ്ടാകില്ല.
ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ KUV 100-യുടെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. KUV 100 ഇലക്ട്രിക് ഈ വര്‍ഷം നിരത്തിലെത്താനാണ് സാധ്യത. നിലവില്‍ E2O, Eവെരിറ്റോ എന്നീ ഇലക്ട്രിക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്.
Content Highlights: Mahindra XUV 300 Electric Launch Next Year