മഹീന്ദ്ര അവതരിപ്പിച്ച ഇലക്ട്രിക് മോഡലുകൾ | Mahindra
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കാലത്തിന് മുന്നേ സഞ്ചരിച്ച കമ്പനിയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. e2o, ഇ-വെറിറ്റോ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇ-വാഹനങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാത്തതും ഈ മോഡലുകള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ച് ഇലക്ട്രിക് വാഹനങ്ങളുമായി വിപണിയില്‍ കരുത്ത് തെളിയിക്കാന്‍ വീണ്ടും എത്തുകയാണ് ഇന്ത്യയുടെ സ്വന്തം എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുത്തന്‍ വാഹനങ്ങള്‍ വിപണിക്ക് സമ്മാനിക്കുന്ന മഹീന്ദ്ര ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഥാര്‍, XUV700 തുടങ്ങിയ വാഹനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ എത്തിച്ചിരുന്നതെങ്കില്‍ XUV.e8, XUV.e9, BE.05, BE.07,BE.09 എന്നീ അഞ്ച് വാഹനങ്ങളാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യന്‍ ഗ്ലോബല്‍ (INGLO) എന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം ഒരുങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും 2024-ല്‍ ആയിരിക്കും ആദ്യ മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മറ്റ് നാല് മോഡലുകള്‍ 2024 മുതല്‍ 2026 വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നിരത്തുകളില്‍ എത്തും. ഫോക്‌സ്‌വാഗണിന്റെ മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് ബാറ്ററി ഉപയോഗിക്കാന്‍ കഴിയുന്നതും ഏറ്റവും ഭാരം കുറഞ്ഞതുമായ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് മഹീന്ദ്രയുടെ ഈ പുതിയ ഇന്ത്യന്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം എന്നാണ് റിപ്പോര്‍ട്ട്.
XUV, BE എന്നീ രണ്ട് ബ്രാന്റുകളിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്. XUV ബ്രാന്റിന് കീഴില്‍ രണ്ടും BE ബ്രാന്റിന് കീഴില്‍ മൂന്നും മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇതില്‍ XUv.e8-2024 ഡിസംബറില്‍ വിപണിയില്‍ എത്തും. XUV.e9-2025 ഏപ്രില്‍ മാസത്തിലും BE.05-2025 ഒക്ടോബറിലും BE.07-2026 ഒക്ടോബറിലും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതേസമയം, BE.09 എന്ന മോഡലിന്റെ അവതരണം സംബന്ധിച്ച വിവരങ്ങള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ള അഞ്ച് മോഡലുകളും ഒരുങ്ങിയിരിക്കുന്നത്. റെഗുലര്‍ വാഹനങ്ങളിലെ അവിഭാജ്യ ഘടകമായ ഗ്രില്ല് എല്ലാ മോഡലുകളില്‍ നിന്നും നീക്കിയിട്ടുണ്ട്. ബോണറ്റിലൂടെ നീളുന്നതും ബമ്പറില്‍ അവസാനിക്കുന്നതുമായ ലൈറ്റ് സ്ട്രിപ്പ് മഹീന്ദ്ര ഇ.വികളുടെ മുഖമുദ്രയാണ്. ഹെഡ്‌ലൈറ്റുകളും ബമ്പറിനുള്ളിലേക്കാണ് നല്‍കിയിട്ടുള്ളത്. XUV ശ്രേണിയിലെ മോഡലുകള്‍ക്ക് മഹീന്ദ്രയുടെ പുതിയ ലോഗോയും ബി.ഇ. ബ്രാന്റിലെ മോഡലുകള്‍ക്ക് BE ബാഡ്ജിങ്ങും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ആദ്യമെത്തുന്ന XUV.e8 വാഹനത്തിന് 4740 എം.എ. നീളവും 1900 എം.എം. വീതിയും 1760 എം.എം. ഉയരത്തിനുമൊപ്പം 2762 എം.എം. വീല്‍ബേസും നല്‍കും. മഹീന്ദ്രയുടെ ഇന്റലിജെന്റ് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം റോഡിലും ഓഫ് റോഡിലും ഏറ്റവും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കാനുള്ള സംവിധാനങ്ങളും വാഹനത്തിന്റെ അകത്തളത്തിലും പുറത്തുമായി ഒരുക്കിയിട്ടുണ്ട്. ഇ.വികളിലെ തന്നെ മികച്ച സുരക്ഷയും മഹീന്ദ്ര ഈ വാഹനത്തിന് അവകാശപ്പെടുന്നുണ്ട്.

2025 ഏപ്രില്‍ മാസത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് XUV.e9. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 4790 എം.എം. നീളവും 1905 എം.എം. വീതിയും 1690 എം.എം. ഉയരവും 2775 എം.എം. വീല്‍ബേസും നല്‍കിയിട്ടുണ്ട്. കൂപ്പെ മാതൃകയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയായിരിക്കും നല്‍കുന്നത്. ടെക്‌നോളജിയില്‍ അടിസ്ഥാനമായ അകത്തളത്തിനൊപ്പം പനോരമിക് സ്‌കൈ റൂഫും ഈ വാഹനത്തില്‍ നല്‍കും.
2025 ഒക്ടോബര്‍ മാസത്തിലാണ് BE.05 വിപണിയില്‍ എത്തിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌പോര്‍ട്‌സ് വാഹനമായാണ് ഈ മോഡലിന്റെ വരവ്. 4370 എം.എം. നീളവും 1900 എം.എം. വീതിയും 1635 എം.എം. ഉയരത്തിനുമൊപ്പം 2775 എം.എം. വീല്‍ബേസിലുമാണ് ഈ മോഡല്‍ എത്തുന്നത്. റേസിങ്ങ് വാഹനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങുന്നത്. പെര്‍ഫോമെന്‍സിന് പ്രാധാന്യം നല്‍കിയുള്ള ഫീച്ചറുകളും വാഹനത്തിനുള്ളിലും പുറത്തുമായി നല്‍കും.

2026 ഒക്ടോബര്‍ മാസത്തോടെയായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് ശ്രേണിയിലെ ഫാമിലി കാര്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലായ BE.07 എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 4565 എം.എം. നീളം, 1900 എം.എം. വീതി, 1660 എം.എം. ഉയരം, 2775 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍. സ്റ്റൈലിഷായ ഡിസൈനിനൊപ്പം പുതുതലമുറ ഫീച്ചറുകളുമായായിരിക്കും ബി.ഇ.07 വിപണിയില്‍ എത്തുക. മികച്ച ഡ്രൈവിങ്ങ് അനുഭവത്തിന് പ്രാധാന്യം നല്‍കുന്ന മോഡലായിരിക്കും BE.07.

Content Highlights: Mahindra unveils five Electrifying SUVs under two brands based on the purpose-built INGLO platform
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..