രാസോ, ആള്‍ട്ടുറാസ്, എക്‌സ്‌യുവി-300 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് വമ്പന്‍ വാഹനങ്ങള്‍ നിരത്തിലെത്തിയതിന് പിന്നാലെ ബിഎസ്-6 എന്‍ജിന്റെ നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര.

മുന്‍പുണ്ടായിരുന്ന എന്‍ജിനുകളെക്കാള്‍ ചിലവേറിയതാണ് ബിഎസ്-6 എന്‍ജിന്റെ നിര്‍മാണം. ഈ സാഹചര്യത്തില്‍ ആളുകളുടെ മനസിലുയരുന്ന ചോദ്യമാണ് മഹീന്ദ്രയുടെ ഏതൊക്കെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനില്‍ പുറത്തിറങ്ങുമെന്നുള്ളത്. 

പ്രതിമാസം 1000 യൂണിറ്റിന് മുകളില്‍ വില്‍പ്പനയുള്ള എല്ലാം വാഹനങ്ങളും ബിഎസ്-6 എന്‍ജിനിലും നിരത്തിലെത്തിക്കുമെന്നാണ് മഹീന്ദ്ര ഈ ചോദ്യത്തിന് നല്‍കുന്ന മറുപടി. ഇതോടെ നിരത്തില്‍ സ്വാധീനം ഉറപ്പിച്ച് തുടങ്ങിയ TUV300, KUV100 മോഡലുകളുടെ ഭാവി സുരക്ഷിതമാകും.

Mahindra TUV 300

അതേസമയം, സൈലോ, നുവോ സ്‌പോര്‍ട്ട്, വെറിറ്റോ, വെറിറ്റോ വൈബ് തുങ്ങിയ വാഹനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വെറിറ്റോ, വൈബ് തുടങ്ങിയവ ഉത്പാദനം നിര്‍ത്തിയെങ്കിലും ഇപ്പോഴും വിപണിയിലുണ്ട്. മരാസോയുടെ വരവോടെ സൈലോയുടെ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.

ബൊലേറോ, എക്‌സ്‌യുവി500, സ്‌കോര്‍പിയോ എന്നീ വാഹനങ്ങളാണ് മഹീന്ദ്രയ്ക്ക് ഏറ്റവുമധികം നേട്ടം സമ്മാനിക്കുന്നവ. ടിയുവി300, കെയുവി100 എന്നീ വാഹനങ്ങള്‍ നിരത്തുപിടിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തല്‍. 

Xylo

മഹീന്ദ്രയുടെ എസ്‌യുവി ശ്രേണിയില്‍ മാത്രമുള്ള വാഹനങ്ങള്‍ മാത്രമാണ് ബിഎസ്-6 എന്‍ജിനില്‍ പുറത്തെത്തൂവെന്നും വിലയിരുത്തലുണ്ട്. മഹീന്ദ്ര അടുത്ത വര്‍ഷം പുറത്തിറക്കാനൊരുങ്ങുന്ന പുതിയ ഥാര്‍ ബിഎസ്-6 എന്‍ജില്‍ തന്നെയാണ് എത്തുന്നത്. 

മലിനീകരണം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ വാഹനങ്ങളെല്ലാം ബിഎസ്-6 എന്‍ജിനിലേക്ക് മാറാനൊരുങ്ങുകയാണ്. ബിഎസ്-4 എന്‍ജിനുലുള്ള വാഹനങ്ങള്‍ 2020-ഏപ്രില്‍ മാസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Content Highlights: Mahindra TUV300 /KUV100 To Survive BS6 Transition