ഹീന്ദ്രയുടെ എസ്.യു.വി. 500-ന്റെ പുതുതലമുറ മോഡല്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. ഈ വാഹനം സംബന്ധിച്ച പല വിവരങ്ങളും നിര്‍മാതാക്കള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മഹീന്ദ്ര പുറത്തിറക്കിയ വീഡിയോയില്‍ നിന്ന് വരാനിരിക്കുന്ന ഈ എസ്.യു.വിക്ക് XUV700 എന്ന് പേര് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെങ്കില്‍ XUV500 എന്ന പേരില്‍ മഹീന്ദ്രയുടെ അഞ്ച് സീറ്റര്‍ എസ്.യു.വിയെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്. 

W601 എന്ന കോഡ് നാമത്തിലാണ് മഹീന്ദ്ര എക്‌സ്.യു.വി.700 വികസിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും മികച്ച ഡിസൈനിലും ഫീച്ചറുകളിലും സുരക്ഷ സംവിധാനത്തിലുമായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. 200-ല്‍ അധികം ഡിസൈനുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഡിസൈനാണ് എക്‌സ്.യു.വി.700-നായി പരിഗണിച്ചിട്ടുള്ളതെന്നും മഹീന്ദ്ര പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. 

മഹീന്ദ്രയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ എസ്.യു.വിയിക്ക് ലോകോത്തര നിലവാരം ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. ഇതിനൊപ്പം നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതും സെഗ്‌മെന്റിലെ തന്നെ ആദ്യത്തേതുമായി നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തില്‍ മഹീന്ദ്ര ഒരുക്കുന്നത്. വലിപ്പത്തില്‍ നിലവില്‍ നിരത്തുകളിലുള്ള എക്‌സ്.യു.വി.500-നെക്കാള്‍ വലിയതായിരിക്കും വരാനിരിക്കുന്ന മോഡല്‍. 

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ വാഹനത്തില്‍ മഹീന്ദ്ര ഥാറിന് കരുത്തേകുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ ടി-ജി.ഡി.ഐ. പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനിലുമായിരിക്കും നല്‍കുക. ഇതിനൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. സുരക്ഷയൊരുക്കുന്നതിനായി ഈ സെഗ്മെന്റില്‍ തന്നെ ആദ്യമായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും XUV700-ല്‍ നല്‍കുന്നുണ്ട്. 

Content Highlights: Mahindra To Launch XUV700 SUV To Its Line Up