രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മാണത്തില്‍ നേരത്തെതന്നെ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയാണ് മഹീന്ദ്ര. e2O, e വെരിറ്റോ തുടങ്ങിയ മോഡലുകള്‍ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്ര നിരയിലെ സാന്നിധ്യമാണ്. ഇനി കെയുവി 100 ഇലക്ട്രിക് ഉടന്‍ വിപണിയിലെത്താനിരിക്കുന്നു. ഇക്കൂട്ടത്തിലേക്ക് 2020-ഓടെ ഒരു എസ്.യു.വി മോഡല്‍ കൂടി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിവോളി മോഡലിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി. 

e20 സ്‌പോര്‍ട്ടിലെ 380V ബാറ്ററി സിസ്റ്റം പുതിയ ഇലക്ട്രിക് എസ്.യു.വിയിലേക്കും കമ്പനി പരിഗണിക്കുമെന്നാണ് സൂചന. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരമാണ് e2O സ്‌പോര്‍ട്ട് പിന്നിടുക. അതേസമയം ഇലക്ട്രിക് എസ്.യു.വിക്ക് 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മഹാരാഷ്ട്രയിലെ ചാകന്‍ നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് എസ്.യു.വിയുടെ നിര്‍മാണം നടക്കുക. കെയുവി 100 ഇലക്ട്രിക്കിന്റെ നിര്‍മാണവും ഇവിടെയാണ്.

ടിവോളി അടിസ്ഥാനത്തില്‍ S201 എന്ന കോഡ് നാമത്തില്‍ ഒരു സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി മോഡല്‍ പുറത്തിറക്കാനും മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തോടെ ഈ എസ്.യു.വി വിപണിയിലെത്തും.

Content Highlights; Mahindra to launch Tivoli-based electric SUV in 2020