ലക്ട്രിക് വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കാര്യവും മഹീന്ദ്രയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെട്രോയിറ്റ്, ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്പാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം നിര്‍മിക്കാനാണ് മഹീന്ദ്ര പ്രഥമ പരിഗണന നല്‍കുന്നത്. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപത്തിന് പുറമെയായിരിക്കും ഈ 3000 കോടിയുടെ നിക്ഷേപമെന്നാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന, കാര്‍ഷിക മേഖലയില്‍ 9000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര മുമ്പ് പ്രഖ്യാപിച്ചിരുന്നു.

2025-ഓടെ ഇന്ത്യയില്‍ നിരത്തില്‍ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനമെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് മഹീന്ദ്ര. ഇതിനായി 500 കോടി രൂപയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ ഒരുക്കിയത് ഉള്‍പ്പെടെ 1700 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. ഇ.വി. ബാറ്ററി പാക്ക്, പവര്‍ ഇലക്ട്രോണിക്സ്, മോട്ടോറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള ടെക്നോളജീസ് പ്ലാന്റ് മഹീന്ദ്ര ഇതിനോടകം ബെംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ വാഹനങ്ങള്‍ ഒരു കമ്പനിയുടെ കീഴില്‍ എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മഹീന്ദ്ര ഇലക്ട്രിക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം പ്രധാന കമ്പനിയുടെ കീഴില്‍ എത്തുന്നതോടെ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് മഹീന്ദ്രയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് കടന്ന മഹീന്ദ്രയുടെ 32,000-ത്തില്‍ അധികം  ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലുണ്ട്. ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണെന്നും, ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും മഹീന്ദ്രയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു.

Source: ET Auto

Content Highlights; Mahindra To Invest 3000 Crore To Its Electric Vehicle Business