കോവിഡ് രാണ്ടാം തരംഗം രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മഹാമാരിയെ അതിജീവിക്കുന്നതിനായി രാജ്യത്തുടനീളം വാക്‌സിനേഷന്‍ ലഭ്യമാക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള മഹീന്ദ്രയുടെ ജീവനക്കാരുടെ വാക്‌സിനേഷന്റെ ചിലവ് കമ്പനി വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. 

മഹീന്ദ്രയുടെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന് ചിലവാകുന്ന തുക പണമായി നല്‍കുകയോ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുള്‍. ഇക്കാര്യം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനാണ് കമ്പനിയുടെ ഈ നീക്കം. വാക്‌സിന്‍ എടുക്കുന്നതിനായി ജീവനക്കാര്‍ മുടക്കുന്ന തുക കമ്പനി തിരിച്ച് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് ഡോസുകള്‍ക്കുമായി പരമാവധി 1500 രൂപയാണ് മഹീന്ദ്ര നല്‍കുന്നത്. 2022 മാര്‍ച്ച് 31 വരെ വാക്‌സിനേഷനായി പണം നല്‍കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

വാക്‌സിനേഷന് പണം അനുവദിക്കുന്നതിന് പുറമെ, ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ക്കായി ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഈ പദ്ധതിയില്‍ ഉറപ്പാക്കുന്നത്. ക്വാറന്റയിന്‍ ചിലവിനായി നല്‍കുന്ന 10,000 രൂപ ഉള്‍പ്പെടെയാണ് ഒരു ലക്ഷം രൂപയുടെ കവറേജ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. 

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിലെ വാഹന വ്യവസായത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള നടപടികള്‍ മഹീന്ദ്ര സ്വീകരിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം പൊതുജനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികളും മഹീന്ദ്ര ഒരുക്കുന്നുണ്ട്.

Content Highlights: Mahindra To Cover Covid Vaccination Expense Of Its Employees