സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റ് കൂട്ടി മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്‌യുവിയായ ഥാര്‍ പുതുതലമുറ മോഡല്‍ ഓഗസ്റ്റ് 15-ന് അവതരിപ്പിക്കും. ഥാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ വാഹനം അവതരിപ്പിക്കുകയെന്നാണ് സൂചന. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വെബ്കാസ്റ്റിലൂടെ ഥാര്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര തീരുമാനിച്ചത്.
എന്നാല്‍, വാഹനത്തിന്റെ വില, ബുക്കിങ്ങ്, ടെസ്റ്റ് ഡ്രൈവ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 15-ന് അവതരിപ്പിക്കുമെങ്കിലും നിരത്തുകളിലെത്താന്‍ വീണ്ടും സമയമെടുത്തേക്കുമെന്നാണ് സൂചനകള്‍. അവതരണത്തിന് മുന്നോടിയായി ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പല തവണ പുറത്തുവന്നിട്ടുണ്ട്.
ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റും ഏഴ് സ്ലാറ്റ് ഗ്രില്ലിലും ടേണ്‍ ഇന്റിക്കേറ്റിറിലും പുതുമ നിഴലിക്കും.
മുന്‍വശത്തുള്ളതിന് സമാനമായ പുതുമ പിന്നിലുമുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, വൃത്താകൃതിയിലുള്ള ടെയ്ല്‍ലൈറ്റ്, ബമ്പറിലെ റിഫ്‌ലക്ഷന്‍ എന്നിവ പിന്‍ഭാഗത്തെ മാറ്റങ്ങളാണ്. മുന്‍ തലമുറയിലേതിന് സമാനമായും സോഫ്റ്റ് ടോപ്പിലും ഥാര്‍ എത്തും.
വശങ്ങളും പുതുക്കി പണിഞ്ഞിട്ടുണ്ട്. അഞ്ച് സ്‌പോക്ക് അലോയി വീലുകളും പൂര്‍ണമായും ടയറുകളെ കവര്‍ ചെയ്യുന്ന വീല്‍ ആര്‍ച്ചും വശങ്ങളിലെ പുതുമയാണ്. ഇതിനൊപ്പം പിന്നിലെ ടയറുകളിലും ഡിസ്‌ക് ബ്രേക്കും നല്‍കുന്നുണ്ട്. 138 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന.
Content Highlights: Mahindra Thar Unveil On August 15, Independence Day