മഹീന്ദ്ര ഥാർ | Photo: Mahindra
മാരുതി സുസുക്കി ജിമ്‌നിയുടെ വരവ് മുന്നില്‍കണ്ട് മഹീന്ദ്ര ഒരുമുഴം നീട്ടിയെറിഞ്ഞതാണ് ഥാര്‍ എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വിയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍. ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലിന്റെ പാത പിന്തുടര്‍ന്ന് ഈ വാഹനവും വലിയ ഹിറ്റിലേക്കാണ് നടന്നുകയറിയത്. നിരവധി ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചതോടെ സ്വാഭാവികമായും കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നിര്‍മാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ റിയര്‍വീല്‍ ഡ്രൈവ് മോഡല്‍ വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍, പെട്രോള്‍ മോഡലിന് താരതമ്യേന ബുക്കിങ്ങ് കാലാവധി കുറവാണെന്നാണ് സൂചന. എന്നാല്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡലിന് 17 മാസത്തോളമാണ് ബുക്കുചെയ്ത് കാത്തിരിക്കേണ്ടി വരുന്നതെന്നാണ് വിവരം. 1.5 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും പവറും ആയിരിക്കാം ഈ വാഹനം കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള റിയര്‍ വീല്‍ ഡ്രൈവ് ഥാറിന്റെ ഡീസല്‍ മോഡലുകള്‍ക്ക് 10.54 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയും പെട്രോള്‍ എ, എക്‌സ് വേരിയന്റിന് 13.87 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂ വില. ഹാര്‍ഡ് ടോപ്പില്‍ മാത്രമാണ് റിയര്‍വീല്‍ ഡ്രൈവ് മോഡല്‍ എത്തുന്നത്. മുന്‍ മോഡലിന് വ്യത്യസ്തമായി ബ്ലേസിങ്ങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും പുതിയ ഥാര്‍ വിപണിയില്‍ എത്തുന്നുണ്ട്.
മഹീന്ദ്രയുടെ ഡി117 സി.ആര്‍.ഡി.ഇ. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 117 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. അതേസമയം, പെട്രോള്‍ എന്‍ജിനില്‍ മാറ്റം വരുത്തിയിട്ടില്ല. 150 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകുന്ന എം.സ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനാണ് റിയര്‍ വീല്‍ ഡ്രൈവ് മോഡലിലും നല്‍കിയിട്ടുള്ളത്.
130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ നല്‍കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര ഥാറിന്റെ നിലവിലെ മോഡല്‍ വിപണിയില്‍ എത്തിച്ചത്. നിരത്തുകളില്‍ എത്തി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ഥാര്‍ ഇതിനോടകം ഒരു ലക്ഷം യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി നിര്‍മാതാക്കളായ മഹീന്ദ്ര അടുത്തിടെ അറിയിച്ചിരുന്നു.
Content Highlights: Mahindra Thar rear wheeel drive waiting period is more than one year, Mahindra Thar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..