പ്രതീകാത്മത ചിത്രം | Photo: Auto.Mahindra
മഹീന്ദ്ര നിരത്തുകളില്‍ എത്തിച്ച പുതുതലമുറ ഥാര്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ ഈ വാഹനത്തെ അടിസ്ഥാനമാക്കി കൂടുതല്‍ മോഡലുകള്‍ എത്തിക്കാനുള്ള വലിയ ആത്മവിശ്വാസമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഥാറിനെ അടിസ്ഥാനമാക്കി കരുത്ത് കുറഞ്ഞ ഒരു മോഡല്‍ നിരത്തുകളില്‍ എത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തന്നെ ഥാറിന്റെ ഫൈവ് ഡോര്‍ മോഡലും പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ട്.
ഥാറിന്റെ ഫൈവ് ഡോര്‍ പതിപ്പിനെ സംബന്ധിച്ച് പല വര്‍ത്തകളും വന്നിരുന്നെങ്കിലും മഹീന്ദ്രയില്‍ നിന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഭാവി പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ഥാറിന്റെ ഫൈവ് ഡോര്‍ മോഡലിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ലഭിക്കുന്നത്.
2026-നുള്ളില്‍ പുതിയ ഒമ്പത് മോഡലുകളാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇന്ത്യയില്‍ ഇറക്കാന്‍ പദ്ധതിയിട്ടുള്ളത്. ഇതില്‍ ഒന്ന് ഥാറിന്റെ ഫൈവ് ഡോര്‍ പതിപ്പായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഈ വഹനത്തിന്റെ വരവ് ഉടനടി പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിവരമുണ്ട്. 2023-2026-നും ഇടയിലായിരിക്കും ഈ ഫൈവ് ഡോര്‍ ഥാര്‍ വിപണിയില്‍ എത്തുകയെന്നാണ് സൂചന.
മഹീന്ദ്ര ആവഷ്കരിച്ചിട്ടുള്ള ഭാവി പദ്ധതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഥാറിന്റെ ഫൈവ് ഡോര്‍, പുതുതലമുഖ ബൊലേറോ, പുതുതലമുറ എക്സ്.യു.വി.300, W620, V201 എന്നീ കോഡ് നെയിമില്‍ ഒരുങ്ങുന്ന വാഹനങ്ങള്‍ എന്നിവ ഒഴിച്ചാല്‍ മറ്റുള്ളയെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്നാണ് സൂചന. ഇതിനായി മഹീന്ദ്ര ഇ.വി. പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.
2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്ജിന് 150 ബി.എച്ച്പി പവറും 320 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്ജിന് 130 ബി.എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളില് ഇത് എത്തുന്നുണ്ട്.
Source: Car and Bike
Content Highlights: Mahindra Thar Planning Five Door Thar For India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..