ന്ത്യയിലെ എല്ലാം വാഹനപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ച വാഹനമാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാര്‍. പ്രീമിയം എസ്.യു.വിക്കൊപ്പം നില്‍ക്കുന്ന സൗന്ദര്യം, ഏത് ഓഫ് റോഡ് വാഹനത്തിനോടും മത്സരിക്കാന്‍ പോകുന്ന കരുത്ത് എന്നിവയായിരുന്നു രണ്ടാം വരവില്‍ ഥാറിന്റെ കൈമുതല്‍. 2020 ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനം ഒന്നാം വയസിന്റെ നിറവിലും റെക്കോഡ് നേട്ടങ്ങളുമായി കുതിപ്പ് തുടരുകയാണ്.

വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്ന ഥാര്‍ എസ്.യു.വിക്ക് ഇതിനോടം 75,000 ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം വരവില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിച്ചത് ഈ വാഹനത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് 50 ശതമാനം ബുക്കിങ്ങും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന് ലഭിച്ചത്. അവതരണം മുതല്‍ തന്നെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനം എന്ന ഖ്യാതി ഥാറിനൊപ്പമാണ്.

മുന്‍ മോഡലിനെക്കാള്‍ വലിപ്പത്തിലും കരുത്തനുമായാണ് പുതിയ ഥാര്‍ എത്തിയിരുന്നത്. മഹീന്ദ്രയുടെ ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയിലാണ് ഥാര്‍ ഒരുങ്ങിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ഇടിപരീക്ഷയില്‍ അഞ്ചില്‍ നാല് മാര്‍ക്കും നേടിയതോടെ ഈ വാഹനത്തിന്റെ സ്വീകാര്യത വീണ്ടും വര്‍ധിക്കുകയായികുന്നു. ഹാര്‍ഡ് ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ്, മുന്നിലേക്ക് തിരിഞ്ഞിരിക്കുന്ന പിന്‍ സീറ്റുകള്‍ തുടങ്ങിയവ രണ്ടാം വരവില്‍ സംഭവിച്ച പുതുമയാണ്.

എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് മഹീന്ദ്രയുടെ ഥാര്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Content Highlights: Mahindra Thar Got 75000 Booking In One Year Of Launch, Mahindra Thar