മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ആരാധകര്‍ ഉറപ്പിച്ചതായിരുന്നു. ലുക്കിലും ഫീച്ചറിലും സമാനതകളില്ലാതെ എത്തിയ ഈ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയുടെ ബുക്കിങ്ങ് 15,000 കടന്നിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് അവതരിപ്പിച്ച ഈ വാഹനം ആദ്യ നാല് ദിവസത്തില്‍ 9000 ബുക്കിങ്ങ് നേടിയിരുന്നു. 20 ദിവസത്തിലേക്ക് അടുക്കുമ്പോള്‍ ഇത് 15,000 കടന്നിരിക്കുകയാണ്.
പുതുതലമുറ ഥാര്‍ ബുക്കുചെയ്തവരില്‍ 57 ശതമാനവും ആദ്യമായി വാഹനം സ്വന്തമാക്കുന്നവരാണെന്നതാണ് പ്രധാന കൗതുകം. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് ബുക്കിങ്ങ് ഉണ്ടെങ്കിലും ട്രാന്‍സ്മിഷനില്‍ ഓട്ടോമാറ്റിക് മോഡലുകളോടാണ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയം. ബുക്കിങ്ങ് ഉയരുന്നതിനെ തുടര്‍ന്ന് ഈ വാഹനത്തിന്റെ ഉത്പാദനം ഉയര്‍ത്താനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അവതരണത്തിന് മുമ്പ് തന്നെ ഥാറിനെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു എന്നതിന്റെ പ്രധാന തെളിവാണ് കോവിഡ് ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിനായി ആദ്യ ഥാര്‍ ലേലത്തില്‍ വെച്ചപ്പോഴുണ്ടായിരുന്ന പ്രതികരണം. 1.11 കോടി രൂപയ്ക്കാണ് ഥാറിന്റെ ആദ്യ യൂണിറ്റ് ഡല്‍ഹി സ്വദേശി സ്വന്തമാക്കിയത്. തുടര്‍ന്ന് വില പ്രഖ്യാപിച്ചതിന് പിന്നാലെ ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.
ഹാര്‍ഡ്, സോഫ്റ്റ്, കണ്‍വേര്‍ട്ടബിള്‍ എന്നീ മൂന്ന് ടോപ്പ് ഓപ്ഷനുകളിലായി എല്‍.എക്‌സ്, എ.എക്‌സ്, എ.എക്‌സ് ഓപ്ഷണല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഥാറിലെ ഉയര്‍ന്ന വകഭേദമായ എല്‍.എക്‌സ് വകഭേദത്തിനാണ് താരതമ്യേന ആവശ്യക്കാര്‍ കൂടുതലുള്ളത്. ഓഫ് റോഡ് ശേഷിയുള്ള പതിപ്പാണ് ഥാറിന്റെ എല്‍.എക്‌സ് വേരിയന്റ്. എ.എക്‌സ് ലൈഫ് സ്റ്റൈല്‍ എസ്.യു.വിയാണ്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലുമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്‍തലമുറ മോഡലിനെക്കാള്‍ നിരവധി ഫീച്ചറുകള്‍ അധികമായി നല്‍കി എത്തിയിട്ടുള്ള പുതിയ ഥാറിന് 9.80 ലക്ഷം രൂപ മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
Content Highlights: Mahindra Thar Booking Cross 15,000 Within 18 Days Of Launch