നിരത്തില്‍ സൂപ്പര്‍ ഹീറ്റായി തുടരുന്ന മഹീന്ദ്രയുടെ ഥാര്‍ സുരക്ഷയിലും കരുത്ത് തെളിയിച്ചു. എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന ഖ്യാതി മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കാര്യക്ഷമമായ സുരക്ഷയാണ് ഈ എസ്.യു.വി. ഒരുക്കുന്നതെന്നാണ് തെളിയിച്ചിരിക്കുന്നത്.
ഥാറിലെ അടിസ്ഥാന സുരക്ഷാ ഫീച്ചറായ രണ്ട് എയര്‍ബാഗുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാണെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യു.എന്‍. റെഗുലേഷന്‍ അനുസരിച്ച് ഥാറിലെ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും പരീക്ഷിച്ചിരുന്നു. ഥാറിന്റെ ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് ഇലക്ടോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്ന സുരക്ഷ ഫീച്ചര്‍ മഹീന്ദ്ര നല്‍കിയിട്ടുള്ളത്.
മണിക്കൂറില്‍ 64 കിലോ മീറ്റര്‍ വേഗത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 12.52 പോയന്റാണ് ഥാറിന് ലഭിച്ചത്. അതേസമയം, കുട്ടികളുടെ സുരക്ഷയില്‍49-ല്‍ 41.11 പോയന്റും ഥാര്‍ സ്വന്തമാക്കി. അപകടസമയത്ത് വാഹനത്തിലെ യാത്രക്കാരുടെ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങള്‍ക്ക് കാര്യക്ഷമമായ സുരക്ഷയാണ് ഥാര്‍ ഉറപ്പു നല്‍കുന്നത്.
ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ രണ്ട് മോഡലുകളും എന്‍-ക്യാപ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എ.ബി.എസ്, ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, ഇ.പി.എസ്. വിത്ത് റോള്‍-ഓവര്‍ മിറ്റിഗേഷന്‍, ഡ്യുവല്‍ എയര്‍ബാഗ്, ഐ.എസ്.ഒ. ഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡല്‍ എത്തിയിട്ടുള്ളത്.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്പി പവറും 320 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ്. വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.
Content Highlights: Mahindra Thar Achieve Four Star Rating In NCAP Crash Test