2020-ല്‍ നിരത്തുകളില്‍ എത്തിയ വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന മോഡലാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. ഒക്ടോബര്‍ രണ്ടിന് അവതരിപ്പിച്ച ഈ വാഹനം ഒരു മാസത്തിനുള്ളില്‍ 20000 ബുക്കിങ്ങ് സ്വന്തമാക്കിയതാണ് റെക്കോഡ് ചെയ്ത ആദ്യ നേട്ടം. ഇതോടെ കാത്തിരിപ്പ് ഏഴ് മാസത്തോളം നീണ്ടെങ്കിലും ഡിസംബര്‍ മാസത്തിലും 6500 ബുക്കിങ്ങിനാണ് ഥാറിന് ലഭിച്ചിരിക്കുന്നത്.
ഇതിനുപിന്നാലെ മഹീന്ദ്രയുടെ പാസഞ്ചര്‍-ഗുഡ്‌സ് വാഹനങ്ങളുടെ വിലയില്‍ 1.9 ശതമാനത്തിന്റെ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. പുതിയ വില അനുസരിച്ച് മഹീന്ദ്ര ഥാറിന്റെ എ.എക്‌സ്. മാനുവല്‍ വേരിയന്റിന് 12.10 ലക്ഷം രൂപയും എല്‍.എക്‌സ്. ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 14.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 9.30 ലക്ഷം രൂപ മുതല്‍ 12.95 ലക്ഷം രൂപ വരെയായിരുന്നു ആദ്യ വില.
ഥാറിന് ഇതുവരെ ലഭിച്ചിട്ടുള്ള ബുക്കിങ്ങില്‍ 50 ശതമാനത്തില്‍ അധികം എല്‍.എക്‌സ്. ഓട്ടോമാറ്റിക് വേരിയന്റിനാണ്. എല്‍.എക്‌സ്. സീരീസിലുള്ള വാഹനങ്ങള്‍ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായും എ.എക്‌സ്. വേരിയന്റ് ഓഫ് റോഡ് പതിപ്പുമായാണ് എത്തിയിട്ടുള്ളത്. ബുക്കിങ്ങ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഥാറിന്റെ ഉത്പാദനം ഈ മാസം മുതല്‍ ഉയര്‍ത്തുമെന്നാണ് മഹീന്ദ്ര അറിയിച്ചിരുന്നത്.
ഹാര്‍ഡ്, സോഫ്റ്റ്, കണ്‍വേര്‍ട്ടബിള്‍ എന്നീ മൂന്ന് ടോപ്പ് ഓപ്ഷനുകളിലാണ് ഥാര്‍ എത്തിയിട്ടുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനും കൂടുതല്‍ ട്രാന്‍സ്മിഷനുമാണ് ഥാറിന്റെ ഹൈലൈറ്റ്. എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍, 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതും ഈ വാഹനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതല്‍കൂട്ടാവുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.
Content Highlights: Mahindra Thar Achieve 6500 Booking In December 2020