മഹീന്ദ്രയുടെ ഥാറിന് സമാനതകളില്ലാത്ത വരവേല്‍പ്പാണ് ലഭിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് അവതരിപ്പിച്ച ഥാര്‍ ഒരു മാസം പിന്നിട്ടതോടെ 20,000-ത്തില്‍ അധികം ബുക്കിങ്ങാണ് നേടിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ് മോഡലിനാണ് ഏറ്റവുമധികം ഡിമാന്റ് എന്നാണ് കമ്പനി പറയുന്നത്. ബുക്കിങ്ങ് കുതിച്ചതോടെ കാത്തിരിപ്പ് ഏഴ് മാസത്തോളമായിട്ടുണ്ടെന്നാണ് സൂചന.
ബുക്കിങ്ങ് തുടരുകയാണെങ്കില്‍ ഉത്പാദനം ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം ഥാറിന്റെ 2000 യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ജനുവരി മുതല്‍ പ്രതിമാസ ഉത്പാദനം 3000 യൂണിറ്റായി ഉയര്‍ത്തുന്നത് സംബന്ധിച്ച ആലോചനകളും മഹീന്ദ്ര നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹാര്‍ഡ്, സോഫ്റ്റ്, കണ്‍വേര്‍ട്ടബിള്‍ എന്നീ മൂന്ന് ടോപ്പ് ഓപ്ഷനുകളിലായി എല്‍.എക്സ്, എ.എക്സ്, എ.എക്സ് ഓപ്ഷണല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഥാറിലെ ഉയര്‍ന്ന വകഭേദമായ എല്‍.എക്സ് വകഭേദത്തിനാണ് താരതമ്യേന ആവശ്യക്കാര്‍ കൂടുതലുള്ളത്. ഓഫ് റോഡ് ശേഷിയുള്ള പതിപ്പാണ് ഥാറിന്റെ എല്‍.എക്സ് വേരിയന്റ്. എ.എക്സ് ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയാണ്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലുമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ എത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്‍തലമുറ മോഡലിനെക്കാള്‍ നിരവധി ഫീച്ചറുകള്‍ അധികമായി നല്‍കി എത്തിയിട്ടുള്ള പുതിയ ഥാറിന് 9.80 ലക്ഷം രൂപ മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
Content Highlights: Mahindra Thar Achieve 20,000 Booking In One Month; Waiting Period Up To 7 Months