പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യയിലെ ഒരെയൊരു സാന്നിധ്യമാണ് മഹീന്ദ്ര. E2O പ്ലസ്, E-വെരിറ്റോ തുടങ്ങിയ മഹീന്ദ്രയുടെ ചെറു ഇലക്ട്രിക് മോഡലുകള്‍ ഇവിടെ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും പേരിനെങ്കിലും ഇലക്ട്രിക് എന്ന് പറയാന്‍ മഹീന്ദ്ര മാത്രമേ നമുക്കുള്ളു. കാലത്തിനൊപ്പം മാറി പൂര്‍ണമായി ഇലക്ട്രിക്കായി വര്‍ധിച്ചുവരുന്ന മലിനീകരണത്തിന് തടയിടാന്‍ 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ഹ്യുണ്ടായി, മാരുതി തുടങ്ങിയ മുന്‍നിര നിര്‍മാതാക്കളെല്ലാം ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇലക്ട്രിക് ഗണത്തില്‍ നിലവില്‍ ഇന്ത്യയിലുള്ള അടിത്തറയില്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.
സൗകര്യങ്ങള്‍ വളരെ കുറഞ്ഞ ചെറുകാറുകള്‍ വിട്ട് ഇനി മുന്തിയ കാറുകളില്‍ ഇലക്ട്രിക് വകഭേദം പരീക്ഷിക്കുകയാണ് മഹീന്ദ്ര. ഫ്ളാഗ്ഷിപ്പ് മോഡലായ എക്സ്.യു.വി 500, സ്കോര്പിയ എസ്.യു.വി എന്നീ മോഡലുകള്‍ ഇലക്ട്രിക് പതിപ്പില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് മേഖലയില്‍ ശക്തിയാര്‍ജിക്കുന്നതിന് മാത്രമായി 300-400 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തുമെന്നും സൂചനയുണ്ട്. പുതിയ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിനും വിപണനത്തിനവും മുന്നില്‍ കണ്ട് ഫോര്‍ഡ് മോട്ടോഴ്സുമായി കഴിഞ്ഞ ദിവസം മഹീന്ദ്ര ഗ്രൂപ്പ് ധാരണയിലെത്തിയിരുന്നു. നികുതി ഘടന കുറച്ചതോടെ ചരക്ക് സേവന നികുതി ഏറ്റവും കുറവ് (12 ശതമാനം) ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ്. ഇതും ഇലക്ട്രിക്കിലേക്ക് മാറാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് പ്രചോദനമാകും.
ഇലക്ട്രിക് സ്കോര്‍പിയോ, എക്സ്.യു.വി 500-ന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 2020-ഓടെ ഇവ രണ്ടും വിപണിയിലെത്തിയേക്കും. രണ്ടു മോഡലിന്റെയും രൂപത്തില്‍ യാതൊരു വ്യത്യാസവുമില്ലാതെ ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് സാധ്യത. ഇലക്ട്രിക് സ്കോര്‍പിയോയ്ക്ക് 12 ലക്ഷം രൂപയും ഇലക്ട്രിക് എക്സ്.യു.വിക്ക് 15 ലക്ഷത്തിനുള്ളിലുമാകും വിപണി വില.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..