സ്‌യുവി വാഹനങ്ങളുടെ സൗന്ദര്യവും സൗകര്യവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഹനമാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ. ഇന്ത്യന്‍ നിരത്തില്‍ എസ്‌യുവി വാഹനങ്ങളുടെ സാന്നിധ്യം ശക്തമായതോടെ പിന്തള്ളപ്പെട്ടുപോയ സ്‌കോര്‍പിയോ പ്രതാപകാലം വീണ്ടെടുക്കാനുറച്ച് പുതിയ കരുത്തില്‍ വീണ്ടുമെത്തുകയാണ്.

ഇന്ത്യയിലെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയ സ്‌കോര്‍പിയോയാണ് വരവിനൊരുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീങ്ങി ആഴ്ച്ചകള്‍ക്കകം തന്നെ ഈ വാഹനം വിപണിയിലെത്തി തുടങ്ങുമെന്നാണ് സൂചനകള്‍.

സ്‌കോര്‍പിയോയുടെ ഡിസൈനില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, ഏറ്റവുമൊടുവിലെത്തിയ സ്‌കോര്‍പിയോയുടെ ഡിസൈനില്‍ തന്നെയാണ് ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്തുക. അതേസമയം, സ്‌കോര്‍പിയോയുടെ ഓട്ടോമാറ്റിക് പതിപ്പ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ എന്നിവ ഇനിയുണ്ടാവില്ല.

ബിഎസ്-6 പതിപ്പിലേക്ക് വരുന്നതോടെ സ്‌കോര്‍പിയോയുടെ നിര നാലായി ചുങ്ങുന്നുണ്ട്. എസ്5, എസ്7, എസ്9, എസ്11 എന്നിവയായിരിക്കും ഇനി സ്‌കോര്‍പിയോയുടെ വേരിയന്റുകള്‍. മുമ്പുണ്ടായിരുന്ന എസ്10 വേരിയന്റിലായിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് മോഡ് നല്‍കിയിരുന്നത്. സ്‌കോര്‍പിയോ 7,8,9 സീറ്റിങ്ങുകളിലാണ് ഇനിയെത്തുന്നത്. 

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന് 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന്‍ തന്നെയായിരിക്കും പുതിയ സ്‌കോര്‍പിയോക്ക് കരുത്തേകുന്നത്. ഇത് 138 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. അടിസ്ഥാന വേരിയന്റില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉയര്‍ന്ന വേരിയന്റില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Mahindra Scorpio BS6 Model Set To Launch; Misses Automatic Transmission and 4W Drive Model