
പ്രതീകാത്മത ചിത്രം | Photo: Auto.Mahindra
യാത്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ട്രാക്ടറുകള്‍ തുടങ്ങി നിരവധി വാഹന ശ്രേണികളാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് നിരത്തുകളില്‍ എത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ കീഴില്‍ ഒരുങ്ങുന്ന ഈ വാഹനങ്ങള്‍ മൂന്ന് കമ്പനിയായി പരിയുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവിന്നിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി മഹീന്ദ്ര ഫണ്ട് സ്വരൂപിക്കാനുള്ള നീക്കത്തിലാണെന്നും ഇതിനായി ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ ഡിസൈന്‍ ഹൗസായ പിനിന്ഫരീനയുമായി ചേര്‍ന്ന് പ്രത്യേക കമ്പനി രൂപീകരിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മഹീന്ദ്രയുടെ ഓട്ടോമൊബൈല്‍ ബിസിനസ് മൂന്ന് വിഭാഗമായി തിരിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയിട്ടുള്ള വിശദീകരണത്തില്‍ മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യമായി ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചത് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയാണ്. നിലവില്‍ ഇലക്ട്രിക് കാറുകളും മറ്റും ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ നിര മഹീന്ദ്രയില്‍ നിന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വെളിപ്പെടുത്തല്‍ അനുസരിച്ച് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 16 ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്രയില്‍ നിന്ന് നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന.
യാത്രാ വാഹനങ്ങളും, ചരക്ക് ഗതാഗത വാഹനങ്ങളും ഫാം എക്യുപ്മെന്റുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുകയെന്നാണ് വിവരം. ഇലക്ട്രിക് ത്രീ വീലറുകളുടെ രംഗത്ത് ട്രിയോ പാസഞ്ചര്‍, ഗുഡ്സ് എന്നീ വാഹനങ്ങള്‍ ഇതിനോടകം മഹീന്ദ്ര എത്തിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ എസ്.യു.വി. മോഡലുകളായ XUV700, XUV300 എന്നീ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന.
മഹീന്ദ്രയുടെ വാഹന മേഖലയുടെ വികസനത്തിനായി 13,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുന്‍ വര്‍ഷങ്ങളില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 3000 കോടി രൂപ ഇലക്ട്രിക് വാഹനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഈ ജൂലൈയില്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി മൂന്ന് വാഹനങ്ങളുടെ ടീസര്‍ ചിത്രങ്ങളും കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
Source: Reuters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..