പ്രീമിയം എസ്.യു.വി സെഗ്‌മെന്റില്‍ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ആള്‍ട്ടുറാസ് ജി 4 ബുക്കിങ് 1000 യൂണിറ്റ് കടന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക വ്യക്തമാക്കി. 500 ആള്‍ട്ടുറാസ് യൂണിറ്റുകള്‍ ഇതിനോടകം പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു. 

എസ്.യു.വി ശ്രേണിയില്‍ വമ്പന്‍മാരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയാണ് വിപണിയില്‍ ആള്‍ട്ടുറാസിന്റെ എതിരാളികള്‍. ഗ്ലോബല്‍ സ്‌പെക്ക് സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാംതലമുറ മോഡലാണ് ആള്‍ട്ടുറാസ് ജി 4. 2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. 

2018-19 സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്ര പുറത്തിക്കാന്‍ ലക്ഷ്യമിട്ട മൂന്ന് വാഹനങ്ങളില്‍ ഒന്നായിരുന്നു ആള്‍ട്ടുറാസ്. ഇതില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മരാസോയ്ക്ക് ഇതിനോടകം 19,000 ത്തോളം ബുക്കിങ് ലഭിച്ചിട്ടുണ്ട്. ഉടന്‍ നിരത്തിലെത്തുന്ന കോംപാക്ട് എസ്.യു.വി XUV 300 മോഡലിന് 4000-ത്തിലേറെ  ബുക്കിങും ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 

Content Highlights; Mahindra satisfied with 1,000 bookings for the Alturas G4