സൈന്യത്തിനും മറ്റ് സുരക്ഷ സേനയ്ക്കുമായി മഹീന്ദ്ര നിര്‍മിച്ച മാര്‍ക്‌സ്മാന്‍ എന്ന കവചിത വാഹനം വന്‍ഹിറ്റായിരുന്നു. ഇതിനുപുറമെ, കൂടുതല്‍ കരുത്തുള്ള കവചിത വാഹനം സൈന്യത്തിനായി നല്‍കിയിരിക്കുകയാണ് മഹീന്ദ്ര. ആര്‍മേഡ് ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍(എഎസ്എല്‍വി) എന്ന് പേരിട്ടിട്ടുള്ള ഈ വാഹനം കഴിഞ്ഞ 18 മാസമായി സൈന്യത്തിന്റെ പരീക്ഷണയോട്ടത്തിലാണ്.
സൈന്യത്തിനും പ്രതിരോധ വകുപ്പിനുമായി മഹീന്ദ്രയുടെ എമിറേറ്റ്‌സ് വെഹിക്കിള്‍ ആര്‍മറിങ്ങ് വിഭാഗമാണ് വാഹനം രൂപകല്‍പ്പന ചെയ്തത്. മാര്‍ക്‌സ്മാന്‍ പോലെ തന്നെ ദുര്‍ഘടപാതയിലും ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
മഹീന്ദ്രയുടെ ഈ കവചിത വാഹനത്തെയും ഇതിനുപിന്നിലുള്ളവരെയും പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിട്ടുണ്ട്. മഹീന്ദ്ര നിര്‍മിച്ച ഏറ്റവും മികച്ച മെഷിനാണ് ഇതെന്ന് പ്രതിരോധ സേനയ്ക്ക് ഉറപ്പുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. വാഹനത്തിന്റെ ചിത്രമുള്‍പ്പെടെയാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഉയര്‍ന്ന മേഖലകളില്‍ പട്രോളിങ്ങ് നടത്തുന്നതിനായാണ് മഹീന്ദ്ര പ്രധാനമായും എഎസ്എല്‍വി വികസിപ്പിച്ചിരിക്കുന്നത്. ഏത് പ്രതലത്തിലും അനായാസും സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനമാണിതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. സൈന്യത്തിന് പുറമെ, ദ്രുതകര്‍മസേന പോലുള്ള പ്രത്യേക വിഭാഗത്തിനായാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.
51 എംഎം ബുള്ളറ്റിനെയും ഗ്രനേഡ് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 400 കിലോ കാര്‍ഗോ കപ്പാസിറ്റിക്ക് പുറമെ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
3.2 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 212 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 12 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ എഎസ്എല്‍വിക്ക് സാധിക്കും. 120 കിലോമീറ്ററാണ് പരമാവധി വേഗം.
Source: CarBlogIndia
Content Highlights: Mahindra's Armoured Light Specialist Vehicle For Indian Military