മേരിക്കന്‍ നിരത്തിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ വാഹനമായ ഓഫ് റോഡര്‍ റോക്‌സര്‍ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്‌സറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലാണ് ആദ്യ ഓഫ് റോഡര്‍ വിപണിയിലെത്തുന്നത്. ഏകദേശം 15000 ഡോളര്‍ (10 ലക്ഷം രൂപ) ആയിരിക്കും വാഹനത്തിന്റെ വിപണി വില. 

Roxor

ഇന്ത്യയില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ താര്‍ മോഡലിന്റെ അടിസ്ഥാനത്തിലാണ് റോക്‌സറിനെ അണിയിച്ചൊരുക്കിയത്. എന്നാല്‍ ഒറിജിനല്‍ ജീപ്പിന്റെ തറവാടായ അമേരിക്കയില്‍ അവരുമായുള്ള നിയമയുദ്ധം ഒഴിവാക്കാന്‍ ഇവിടെയുള്ള ജീപ്പില്‍നിന്ന് പല മാറ്റങ്ങളും റോക്‌സറിലുണ്ട്. മുന്‍ഭാഗം നന്നായി അഴിച്ചുപണിതു. ഇരുവശങ്ങളില്‍ ഡോറുകളുമില്ല. ഹാര്‍ഡ് ടോപ്പ് റൂഫും ഈ ഓഫ് റോഡറില്‍ കമ്പനി നല്‍കിയിട്ടില്ല. 

താറിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഡാഷ്‌ബോര്‍ഡിന് പകരം സീറ്റീലില്‍ തീര്‍ത്തതാണ് റോക്‌സറിലെ ഡാഷ്‌ബോര്‍ഡ്. ഹെവി ഡ്യൂട്ടി വിഞ്ചസ്, ലൈറ്റ് ബാര്‍സ്, ഓഫ് റോഡ് വീല്‍സ് തുടങ്ങിയ ആക്‌സസറികളും വാഹനത്തിലുണ്ട്. മൂന്നില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്‌സറിന് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 

Roxor

മണിക്കൂറില്‍ 72 കിലോമീറ്ററാണ് ഈ ഓഫ് റോഡറിന്റെ പരമാവധി വേഗത. 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് ഉയരവും 96 ഇഞ്ച് വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഏത് ദുര്‍ഘട പാതയും നിഷ്പ്രയാസം പിന്നിടാന്‍ 9 ഇഞ്ച് ഗ്രൗണ്ട് ക്ലിയറന്‍സും റോക്‌സറിനുണ്ട്. ഇതാദ്യമായല്ല മഹീന്ദ്ര അമേരിക്കന്‍ വിപണയില്‍ സാന്നിധ്യം അറിയിക്കാന്‍ എത്തുന്നത്. നേരത്തെ അഞ്ചു വര്‍ഷം മുമ്പ് സ്‌കോര്‍പിയോ അടിസ്ഥാനത്തിലുള്ള ഒരു പിക്കപ്പുമായി ആദ്യ ശ്രമം നടത്തിയെങ്കിലും വിപണനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 

Roxor

Content Highlights; Mahindra Roxor Off Road Vehicle Unveiled In The United States