മേരിക്ക വാഹനലോകത്ത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച മഹീന്ദ്രയുടെ റോക്‌സര്‍ കനേഡിയന്‍ നിരത്തിലും എത്തുന്നു. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം മേധാവി രാജന്‍ വധേര ഓട്ടോകാറിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

അമേരിക്കന്‍ വാഹന വിപണിയില്‍ മഹീന്ദ്രയുടെ റോക്‌സറിന് ലഭിച്ച പിന്തുണ കണക്കിലെടുത്താണ് പ്രവര്‍ത്തനം കാനഡയിലേക്കും വ്യാപിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്. അമേരിക്കയില്‍ തന്നെ 300 മഹീന്ദ്ര ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് വധേര അറിയിച്ചു. 

മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക (എംഎഎന്‍എ) 800 റോക്‌സറാണ് ഉത്പാദിപ്പിച്ചത്. ഇതില്‍ 400 എണ്ണം ഇതിനോടകം ഉപയോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു. 2018 മാര്‍ച്ചിലാണ് മഹീന്ദ്രയുടെ റോക്‌സര്‍ അമേരിക്കയില്‍ ഉത്പാദനം ആരംഭിച്ചത്. 

വില്ലീസ് ജീപ്പിന്റെ മാതൃകയിലാണ് റോക്‌സര്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, റേഡിയേറ്റര്‍ ഗ്രില്ലില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. റോക്‌സറിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന 50 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. 

2.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് റോക്‌സര്‍ പുറത്തിറക്കുന്നത്. 62 എച്ച്പി പവറും 195 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്റെ ശേഷി. ഓഫ് റോഡിന് വേണ്ടി നിര്‍മിച്ചതിനാല്‍ തന്നെ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സില്‍ ഓള്‍ വീല്‍ മോഡുള്ള വാഹനമാണ് റോക്‌സര്‍.

രണ്ട് വേരിയന്റുകളിലാണ് റോക്‌സര്‍ നിരത്തിലെത്തുന്നത്. അടിസ്ഥാന മോഡിന് 15,549 ഡോളറും എസ്ഇ വേരിയന്റിന് 18,999 ഡോളറുമാണ് വില. ഓഫ് റോഡ് റേസ്, ഫാംലാന്‍ഡ് എന്നീ ഉപയോഗത്തിനിറക്കിയ റോക്‌സര്‍ നിരത്തിലിറങ്ങാന്‍ അനുമതിയില്ല.