പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പരസ്പര സഹകരണം അവസാനിപ്പിച്ചെങ്കിലും മുന്‍ പങ്കാളിയായിരുന്ന സാങ്‌യോങ് എന്ന കൊറിയന്‍ വാഹന നിര്‍മാതാക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി മഹീന്ദ്ര വികസിപ്പിച്ചിരിക്കുന്ന MESMA 350 പ്ലാറ്റ്‌ഫോമുകള്‍ സാങ്‌യോങിനും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് പുറമെ, പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനം ഇലക്ട്രിക് കരുത്തിലേക്ക് മാറ്റാനും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ മഹീന്ദ്ര അവകാശപ്പെടുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണം കാര്യക്ഷമമാക്കുന്നതിനായി ഈ പ്ലാറ്റ്‌ഫോം സാങ്‌യോങ്ങുമായും പങ്കുവയ്ക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്.
ഇത് ആദ്യമായല്ല മഹീന്ദ്ര, സാങ്‌യോങ്ങിന് സാങ്കേതികവിദ്യ കൈമാറുന്നത്. സാങ്‌യോങ്ങിന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി മഹീന്ദ്രയുടെ 350 വോള്‍ട്ട് പവര്‍ട്രയിന്‍ സൗത്ത് കൊറിയയിലേക്കും യൂറോപ്പിലേക്കും കയറ്റി അയയ്ക്കുമെന്ന് 2020-ല്‍ മഹീന്ദ്ര ഇലക്ട്രിക്കിന്റെ സി.ഇ.ഒ. മഹേഷ് ബാബു പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര-സാങ്‌യോങ് കൂട്ടുക്കെട്ട് ഇക്കാലത്ത് നിലനിന്നിരുന്നു.
എന്നാല്‍, പിന്നീട് സാങ്‌യോങ് സാമ്പത്തികമായി നഷ്ടത്തിലായതോടെ ഇരുകമ്പനികളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക സഹായം മാത്രമാണ് മഹീന്ദ്ര നല്‍കാനൊരുങ്ങുന്നത്. മറ്റ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് സഹകരണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
2020 ഏപ്രിലിലാണ് ദക്ഷണി കൊറിയന്‍ ഉപകമ്പനിയായ സാങ്‌യോങ്ങുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി മഹീന്ദ്ര പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് സാങ്‌യോങ്ങില്‍ നടത്താനിരുന്ന നിക്ഷേപത്തില്‍ നിന്നും മഹീന്ദ്ര പിന്‍വാങ്ങുകയായിരുന്നു. 2019-ല്‍ ചരിത്രത്തിലെ വലിയ നഷ്ടം രേഖപ്പെടുത്തിയ സാങ്‌യോങ്ങിനെ ലാഭത്തിലാക്കാന്‍ 3000 കോടിയുടെ നിക്ഷേപം നടത്താനിയിരുന്നു പദ്ധതി.
Source: ET Auto
Content Highlights: Mahindra Planning To Support SsangYong For Electric Vehicle Production
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..