മഹീന്ദ്രയുടെ വാഹനം പരീക്ഷണയോട്ടം നടത്തുന്നു | Photo: MotorBeam
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ ടാറ്റ മോട്ടോഴ്‌സ് സ്വൈര്യ വിഹാരം നടത്തുന്ന ശ്രേണിയാണ് മൈക്രോ എസ്.യു.വി. കാര്യമായ എതിരാളികളെ പേടിക്കാതെയായിരുന്നു പഞ്ചിന്റെ നാളിത്രയുമുള്ള യാത്ര. എന്നാല്‍, ഈ സെഗ്മെന്റിലേക്കാണ് ഹ്യുണ്ടായി എക്സ്റ്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലാണ് ഈ വാഹനത്തിന്റെ എന്‍ട്രി. അതേസമയം, ഈ സെഗ്മെന്റിലെ മത്സരം രണ്ട് പേരിലായി ഒതുങ്ങില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ത്രികോണ മത്സരം ഉറപ്പാക്കാന്‍ മഹീന്ദ്രയും ഈ സെഗ്മെന്റില്‍ എത്തുമെന്നാണ് വിവരം.
മഹീന്ദ്രയുടെ മൈക്രോ എസ്.യു.വി. എന്നത് കേവലം അഭ്യൂഹമല്ലെന്ന് തെളിയിച്ച് പരീക്ഷണയോട്ട ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയ വാഹനത്തില്‍ ഹെഡ്‌ലാമ്പും ഇന്റിക്കേറ്ററും താത്കാലിക നമ്പര്‍ പ്ലേറ്റും മാത്രമാണ് മുഖഭാവത്തില്‍ തെളിയുന്നത്. പിന്നില്‍ താത്കാലികമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പിനൊപ്പം താത്കാലിക നമ്പറും നല്‍കിയിട്ടുണ്ട്. പിന്നിലെ ബമ്പറില്‍ നല്‍കിയിട്ടുള്ള റിഫ്‌ളക്ഷന്‍ സ്ട്രിപ്പും തെളിഞ്ഞ് കാണാം.
മഹീന്ദ്രയുടെ വാഹനമാണെന്ന സൂചനകള്‍ ചിത്രം നല്‍കുന്നുണ്ട്. അതിനൊപ്പം മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.300-നെക്കാള്‍ വലിപ്പം കുറവാണെന്നുള്ളതുമാണ് മൈക്രോ എസ്.യു.വി സെഗ്മെന്റിലേക്ക് എത്തുന്ന മോഡലാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്. ഇപ്പോള്‍ നിരത്തുകളിലുള്ള മൈക്രോ എസ്.യു.വികള്‍ക്ക് മുമ്പ് കെ.യു.വി.100 എന്ന മോഡലിനെ ഈ ശ്രേണിയില്‍ എത്തിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ഈ വാഹനത്തിന്റെ പകരക്കാരന്‍ ആയിരിക്കും പുതിയ മോഡലെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍, മഹീന്ദ്ര പുതുതായി പേരിന്റെ ട്രേഡ് മാര്‍ക്കുകള്‍ ഒന്നും നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ എക്‌സ്.യു.വി 100 എന്ന പേരില്‍ ഈ മൈക്രോ എസ്.യു.വി. എത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര യു.കെയില്‍ പ്രദര്‍ശനത്തിനെത്തിച്ച ഇലക്ട്രിക് കാറിന്റെ ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എന്നാല്‍, ഇത് ഇലക്ട്രിക് വാഹനമല്ലെന്ന കൃത്യമായ സൂചനയും വാഹനം നല്‍കുന്നുണ്ട്. ഇ20 ഫ്യുവല്‍ എന്ന സ്റ്റിക്കര്‍ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ചിരിക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്.
ഈ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിലയിരുത്തല്‍. പഞ്ച്, എക്സ്റ്റര്‍ എന്നീ വാഹനങ്ങളുമായി മത്സരിക്കാന്‍ എത്തുന്നതിനാല്‍ തന്നെ 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. നിരത്തൊഴിഞ്ഞ കെ.യു.വിക്ക് സമാനമായി ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളിലും ഇത് എത്തിയേക്കും. 2024-ല്‍ മഹീന്ദ്ര എത്തിക്കുന്ന വാഹനമായിരിക്കും എക്‌സ്.യു.വി.100 എന്നാണ് പ്രതീക്ഷിക്കുന്നത്.
Source: MotorBeam
Content Highlights: Mahindra planning to launch XUV100 in Micro SUV Segment, Image Spied, Mahindra XUV100
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..