ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇത്രയും പ്രചാരം ലഭിക്കുന്നതിന് മുമ്പുതന്നെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. വര്‍ഷങ്ങള്‍ക്കിപ്പുറം വാഹന മേഖലയുടെ ഭാവി ഇലക്ട്രിക്കിനെ ആശ്രയിച്ചായിരിക്കുമെന്ന സ്ഥിതി വന്നതോടെ ഒരു കൂട്ടം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര.

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 16 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിന്ന് ഒരുങ്ങുകയെന്നാണ് വിവരം. യാത്രാ വാഹനങ്ങളും, ചരക്ക് ഗതാഗത വാഹനങ്ങളും ഫാം എക്യുപ്‌മെന്റുകളും ഇതില്‍ വരുമെന്നാണ് സൂചന. നിലവില്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള നാല് എസ്.യു.വികള്‍ ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്ന വ്യക്തമായ സൂചനയാണ് നല്‍കിയിട്ടുള്ളത്. XUV700, XUV300 തുടങ്ങിയ വാഹനങ്ങളും ഇലക്ട്രിക് കരുത്തില്‍ എത്തിയേക്കും.

മഹീന്ദ്രയുടെ വാഹന നിര്‍മാണ മേഖലയുടെ വികസനത്തിനായി നിക്ഷേപിക്കാനൊരുങ്ങുന്ന 13,000 കോടിയില്‍ 3000 കോടി രൂപയും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി നിക്ഷേപിക്കാനൊരുങ്ങുന്നതെന്നാണ് വിവരം. നിലവില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലുകള്‍ വിപണിയില്‍ ഇല്ല. എന്നാല്‍, ട്രിയോ പാസഞ്ചര്‍, ഗുഡ്‌സ് എന്നീ മേഖലകളിലായി ഇലക്ട്രിക് ത്രീ വീലറുകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 

2025-ഓടെ ഇന്ത്യയില്‍ നിരത്തില്‍ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനമെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് മഹീന്ദ്ര എന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ഇതിനായി 500 കോടി രൂപയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ ഒരുക്കിയത് ഉള്‍പ്പെടെ 1700 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. ഇ.വി. ബാറ്ററി പാക്ക്, പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള ടെക്‌നോളജീസ് പ്ലാന്റ് മഹീന്ദ്ര ബെംഗളൂരുവില്‍ ആരംഭിച്ചിട്ടുണ്ട്.

2025-ഓടെ മഹീന്ദ്രയുടെ വാഹനനിരയിലുള്ള എല്ലാ എസ്.യു.വികളും ഇലക്ട്രിക്കിലേക്ക് മാറാനുള്ള പദ്ധതിയും കമ്പനി ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മഹീന്ദ്ര അറിയിച്ചിരുന്നു. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശനത്തിനെത്തിച്ച XUV300-ന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തിച്ചായിരിക്കും ഈ നീക്കത്തിന് തുടക്കം കുറിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം 2023-ഓടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Source: Car and Bike

Content Highlights; Mahindra planning to bring 16 electric vehicles in seven years, electric cars, EV, Mahindra Electric Vehicles