കൊറോണ കാലത്ത് കരുതലിന്റെ നല്ല മാതൃക കാണിച്ചുതന്ന വാഹനനിര്‍മാതാക്കളാണ് മഹീന്ദ്ര. വെന്റിലേറ്റര്‍, മാസ്‌ക്, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങിയവയുടെ നിര്‍മാണത്തിന് പുറമെ, കൊറോണ കാലത്ത് ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവര്‍ക്കായി ഭക്ഷണവും ഒരുക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര മാനേജിങ്ങ് ഡയറക്ടര്‍ പവന്‍ ഗൊയാങ്കെയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയിലുടനീളം 10 സ്ഥലങ്ങളിലാണ് മഹീന്ദ്രയുടെ അടുക്കളകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണത്തിന് പുറമെ റേഷനും ഇതുവഴി വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം 10,000 പേര്‍ക്കാണ് മഹീന്ദ്ര കിച്ചണ്‍ ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്. ഇതുവരെ 50,0000 പേര്‍ക്ക് പാകം ചെയ്ത ഭക്ഷണവും 10,000 പേര്‍ക്ക് റേഷന്‍ കിറ്റും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മഹീന്ദ്ര മറ്റ് മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി വെന്റിലേറ്റര്‍ നിര്‍മാണവും ഷെയ്‌സ്ഷീല്‍ഡ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ആദ്യം  തയാറാകുന്ന 50,0000 ഫെയ്‌സ്ഷീല്‍ഡുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ക്കായി സൗജന്യമായി നല്‍കുമെന്നും മഹീന്ദ്ര ഉറപ്പുനല്‍കി.

ഇതിനുപുറമെ, മാസ്‌കുകളും മറ്റും നിര്‍മിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് എല്ലാ സംവിധാനങ്ങളും മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം പവന്‍ ഗൊയാങ്കെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിലെ ഒരു സാര്‍ട്ട് അപ്പിന് ത്രീ പ്ലേ മാസ്‌ക് നിര്‍മിക്കാനുള്ള സംവിധാനം മഹീന്ദ്രയുടെ കാണ്ടിവാലി പ്ലാന്റില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Mahindra Opens Kitchen To Provide Food